എല്ലാവർക്കും ക്വാറന്റൈൻ വേണ്ട;​ ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം കുറയും, ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. നിലവിൽ ഐസിയു,​ വെന്റിലേറ്റർ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വർദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും അവർ പറഞ്ഞു.

മൂന്നാം തരംഗത്തിൽ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്‌തമാണ്. അത്യാവശ്യമാണെങ്കിൽ മാത്രം ആശുപത്രികളിൽ പോയാൽ മതിയാകും. കഴിയാവുന്നതും ടെലികൺസൾട്ടേഷൻ ഉപയോഗിക്കണം. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി കൺസൾട്ടഷേന് പ്രയോജനപ്പെടുത്തും.

രണ്ട് മാസത്തേക്ക് ഡോക്ടർമാരെ സന്നദ്ധ സേവനത്തിന് നിയമിക്കും. ആവശ്യമായവർക്ക് പ്രത്യേക പരിചരണവും നൽകും. കൊവിഡ് രോഗിയെ അടുത്തു നിന്ന് പരിചരിക്കുന്നവർക്ക് മാത്രം ഇനിമുതൽ ക്വാറന്റൈനിൽ നിന്നാൽ മതിയാകും.