റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം
മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ ചെയ്തിട്ടുണ്ട്. ഈ തുകയും മാതന്റെ കുടുംബത്തിന് ലഭിക്കും. മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവ് വനംവകുപ്പ് കൈമാറി.

ബുധനാഴ്ചകളിൽ റേഷൻ വാങ്ങാൻ മാഞ്ചീരിയിലെത്തുന്ന ചോലനായ്ക്കർക്ക് തണ്ടർബോൾട്ടിന്റെ സുരക്ഷാ സംവിധാനം ഉറപ്പാക്കും. കാട്ടാനശല്യം രൂക്ഷമായ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വാച്ചർമാരുടെ സേവനവും കാര്യക്ഷമമാക്കും. വനവിഭവങ്ങൾ ശേഖരിക്കാൻ സംഘമായേ പോകാവൂയെന്ന് നിർദ്ദേശം നൽകി. ചോലനായ്ക്കർക്കുള്ള ഭക്ഷ്യവസ്തുക്കൾ അവർ താമസിക്കുന്ന ഇടങ്ങളുടെ കൂടുതൽ അടുത്തേക്ക് എത്തിക്കും. ആനകൾക്ക് സുഗമമായി സഞ്ചരിക്കാൻ ആനത്താരകൾ പുനഃസ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
17 വർഷം മുമ്പ് റിപ്പബ്ലിക്ക് ദിന ചടങ്ങിൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിൽപോയി പങ്കെടുത്ത ഭാഗ്യവാനായ മാതൻ അതേ റിപ്പബ്ലിക്ക് ദിനത്തിലാണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. രാവിലെ മാഞ്ചീരിയിലേക്ക് പോകുമ്പോൾ പാണപ്പുഴ വാൾക്കെട്ട് ഭാഗത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേർന്ന് ഇവർക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങൾ മാഞ്ചീരി കോളനിയിൽ എത്തിക്കാറുണ്ട്. പതിവു പോലെ ഇതു വാങ്ങാൻ രണ്ട് കുട്ടികൾക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടികൾ ഓടി രക്ഷപ്പെട്ടു.

കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ മൃതദേഹം ആദ്യം മാറ്റാൻ സാധിച്ചിരുന്നില്ല.
ഈ സമയം ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകർ ഉൾപ്പെടെയുള്ളവർ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് കോളനി നിവാസികളിൽ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസർ നജ്മൽ അമീൻ പറഞ്ഞു. കരിക്കയാണ് ഭാര്യ.