സ്റ്റഡി സോഫ്റ്റ് – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്.
2022 മാർച്ച്-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2 വിന് മാത്തമാറ്റിക്സ്, ബിസിനസ് മാത്ത്സ് എന്നിവ ഐച്ഛിക വിഷയമായി പഠിച്ച് വിജയിക്കുന്ന കുട്ടികൾക്കാണ് അസാപ്പിന്റെ സഹകരണത്തോടെ , എച്ച്. സി. എൽ കമ്പനിയുമായി ചേർന്ന് നേരിട്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലിയും ഡിഗ്രീയും നേടുന്നതിന് “സ്റ്റഡി സോഫ്റ്റ് -റെഡി ജോബ്” പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് അവസരം ഒരുക്കുന്നത്.
പദ്ധതി പ്രകാരം ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസാകുന്ന വിദ്യാർത്ഥികളെ സാധാരണ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ എച്ച്. സി. എൽ കമ്പനി ഏറ്റെടുക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ നേരിടാനുള്ള രണ്ടാഴ്ചത്തെ സൗജന്യ പരിശീലനം ജില്ലാ പഞ്ചായത്തും അസാപ്പും ചേർന്ന് നൽകും. ആദ്യ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാൽ പഠനത്തോടൊപ്പം തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ലഭിക്കുന്നു. ആദ്യ വർഷ കാലയളവിൽ 6 മാസം പരിശീലനവും അടുത്ത 6 മാസം മുതൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആയിരിക്കും. ഈ സമയം മുതൽ 10000 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. ട്രെയിനിങ് കഴിഞ്ഞ തൊട്ടടുത്ത മാസം മുതൽ തന്നെ എച്ച്. സി. എൽ കമ്പനിയുടെ മുഴു സമയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി നിയമനം ലഭിക്കും. രണ്ടേ കാൽ ലക്ഷം രൂപ വാർഷിക ശമ്പളത്തിലായിരിക്കും ജോലി ലഭിക്കുക. ഇതോടെ ജോലിയോടൊപ്പം പഠനം തുടരാനും ബിറ്റ്സ്, പിലാനി, അമിറ്റി തുടങ്ങിയ പ്രമുഖ ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം എടുക്കാനും കഴിയും. പഠനം പൂർത്തിയാക്കുന്നതോടെ വിദ്യാർത്ഥികളുടെ തൊഴിൽ നിപുണതക്കനുസരിച്ച് മികച്ച ശമ്പളം കമ്പനി നൽകും.
ഡിഗ്രീ കഴിഞ്ഞ ശേഷവും ജോലിക്കായി നെട്ടോട്ടമോടുന്ന പുതിയ തലമുറക്ക് മുന്നിൽ ഏറ്റവും മികച്ച സാധ്യതയാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം കൊണ്ട് തന്നെ സോഫ്റ്റ്‌വെയർ മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാനും, ഉയർന്ന ശമ്പളത്തിൽ വിദേശ രാഷ്ട്രങ്ങളിൽ ജോലി നേടാനും കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. മാത്രമല്ല മൂന്ന് വർഷത്തെ ഡിഗ്രീ പഠനത്തോടൊപ്പം തന്നെ മൂന്ന് വർഷത്തെ എക്സ്പീരിയൻസും, ജോലിയും ഉറപ്പ് നൽകുന്ന പദ്ധതി ഈ വർഷം പ്ലസ് ടു മാത്ത്സ്, ബിസിനസ് മാത്തെമാറ്റിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് മികച്ച കരിയറാണ് വാഗ്ദാനം ചെയ്യുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഹയർ സെക്കണ്ടറി അസി. കോ ഓർഡിനേറ്റർ ഇസ്ഹാഖ്, എച്ച്. സി. എൽ പ്രതിനിധി ശർമ്മിള, അസാപ്പ് പ്രതിനിധി ആനന്ദ്, വിജയഭേരി കോ ഓർഡിനേറ്റർ ടി. സലീം എന്നിവർ സംസാരിച്ചു.