അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥർക്കും ഓരോ ചുമതല നൽകിയിട്ടുണ്ട്. അവർ ആ കാര്യം മാത്രം ചെയ്യുക. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കേണ്ട. അത് വീട്ടിൽ പോലും നടക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നിലവിലെ ഫോക്കസ് ഏരിയയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഫോക്കസ് ഏരിയയിൽ മാറ്റം വരുത്തില്ലെന്നും എ പ്ലസ്സിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഗുണം ചെയ്യില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയ്സ് കുറച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് പരാതികൾക്ക് കാരണമായത്.