കാലിക്കറ്റ് സര്‍വ്വകലാശാല അസി. പ്രൊഫ. പീഡന പരാതിയില്‍ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയുടെ (ഐ.സി.സി.) റിപ്പോര്‍ട്ടില്‍ തുടര്‍നടപടിക്ക് സിന്‍ഡിക്കേറ്റ് യോഗം വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. അദ്ധ്യാപനെതിരേ അച്ചടക്ക നടപടിക്കും നിയമനടപടികള്‍ക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് വിദ്യാര്‍ത്ഥിനി അദ്ധ്യാപകനെതിരേ പരാതി നല്‍കിയത്. അദ്ധ്യാപകനെന്ന ബന്ധം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു.
സെല്ലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സസ്പെന്‍ഷന്‍ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാര്‍ത്ഥികള്‍ കൂടി പരാതിയുമായി എത്തിയിരുന്നു. വിദ്യാര്‍ത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അദ്ധ്യാപകനില്‍നിന്നുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന അദ്ധ്യാപകന്‍ സസ്‌പെന്‍ഷനിലാണ്
പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.ഇത് സംബന്ധമായി തേഞ്ഞിപ്പലം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയതിരുന്നത്. എന്നാല്‍ മുമ്പ് കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന ഇദ്ദേഹം വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതരാ ആരോപണം ഉയര്‍ന്നിരുന്നു.
അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ആരോപണം. ആദ്യം വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാല്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി.
നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ പീഡിപ്പിച്ചതായും ആരോപിച്ചിരുന്നു. ആത്മാര്‍ത്ഥമായ സ്‌നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും, ഇയാളുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഡിവോഴ്‌സ് ആയവര്‍ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങള്‍ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചിരുന്നു.