ബസ് ചാർജ് കൂട്ടൽ; മിനിമം 10, രാത്രി 14, കമ്മിഷൻ ശുപാർശ സർക്കാരിനു മുന്നിൽ
തിരുവനന്തപുരം: ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നടപ്പിലാക്കാനിരിക്കേ, സാധാരണക്കാർക്ക് അമിത ഭാരമാവുന്ന തരത്തിൽ ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി (25%) വർദ്ധിപ്പിക്കാനും കിലോമീറ്റർ നിരക്കിൽ 42.84 % വർദ്ധന വരുത്താനും ശുപാർശ. നിലവിൽ കിലോമീറ്റർ നിരക്ക് 70 പൈസയാണ്. അത് ഒരു രൂപയാവും.
എല്ലാ സർവീസുകളിലും രാത്രിയാത്രയ്ക്ക് 40 % തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാർജ് 14 രൂപയാകും. പകൽ 40 രൂപ കൊടുക്കുന്നവർ രാത്രി അതേ ദൂരത്തിന് 56 രൂപ നൽകേണ്ടിവരും.
മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജായ രണ്ടര കിലോ മീറ്ററിലേക്ക് ചുരുക്കും. നിലവിൽ രണ്ട് ഫെയർ സ്റ്റേജായ അഞ്ചു കിലോമീറ്റർ സഞ്ചരിക്കാം.
രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യുന്നവരാണ് അധിക നിരക്ക് നൽകേണ്ടത്. സാധാരണ കൂലിപ്പണിക്കാരും കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരുമൊക്കെ ജോലി കഴിഞ്ഞ് മടങ്ങുന്നത് രാത്രി എട്ടിനും പത്തിനുമൊക്കെയാണ്. അവരിൽ നിന്നാണ് അമിത നിരക്ക് ഈടാക്കാനൊരുങ്ങുന്നത്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജിലേക്ക് ചുരുക്കുന്നത് സമീപ സ്ഥലങ്ങളിലേക്ക് ജോലിതേടിപ്പോകുന്ന തൊഴിലാളികളെയും മറ്റുമാണ് ബാധിക്കുന്നത്.
നിരക്ക് വർദ്ധന നടപ്പാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ ശുപാർശ ചെയ്തിട്ടില്ല. കെ.എസ്.ആർ.ടി.സി ഓർഡിനറിക്കും സ്വകാര്യ ബസുകൾക്കും വേണ്ടിയുള്ള ശുപാർശയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്നും എത്തിയാലുടൻ റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കും. സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് റിപ്പോർട്ട്.
വിദ്യാർത്ഥികൾക്ക് ₹ 5
വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50% ആയി ഉയർത്തണമെന്നാണ് നിർദേശം. അത് അംഗീകരിച്ചാൽ മിനിമം നിരക്ക് 5 രൂപയാവും. എല്ലാ ഫെയർ സ്റ്റേജിലും ഇത് ബാധകമാണ്. നിലവിൽ 5 കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.
ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര സർക്കാർ ആലോചിച്ചിരുന്നു. പക്ഷെ, റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല.
”രാത്രിയാത്രയ്ക്ക് കൂടിയ നിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് നിർദേശം. ഉചിതമായ തീരുമാനം സർക്കാരിന് കൈക്കൊള്ളാം”
- ജസ്റ്റിസ് രാമചന്ദ്രൻ