ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണെന്ന് കോടതി. ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് പരാമര്‍ശം.

പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതരവകുപ്പുകള്‍ ഒഴിവാക്കിയാണെന്നും പട്ടിക ജാതി പെണ്‍കുട്ടി ഇതരമതസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന പരാമര്‍ശം ഒഴിവാക്കിയെന്നും കോടതി നിരീക്ഷിച്ചു. എസ്സി എസ്ടി വകുപ്പ് എന്ത് കൊണ്ട് ചേര്‍ത്തില്ലെന്ന് വിശദീകരിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു.

കേസിലെ പ്രതി അര്‍ജുനെതിരെ ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂലൈ 4-നാണ് പ്രതി അര്‍ജുനെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.