ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ; കോടികൾ ശമ്പളവും ആനുകൂല്യവും പറ്റി

മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ.അലസ ജീവിത പ്രേമിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കോടികൾ ശമ്പളവും ആനുകൂല്യവും പറ്റിയെന്നും വിധി പറഞ്ഞത് ഏഴ് കേസുകളിൽ മാത്രമാണെന്നും ജലീൽ കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതി ന്യായാധിപനായ സമയത്ത് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം നേടിയെന്നും ജലീൽ പരിഹസിച്ചു. സുപ്രീം കോടതിയിൽ മൂന്നരവർഷത്തിനിടെ പറഞ്ഞത് ഏഴ് വിധികൾമാത്രമാണ്. ഒപ്പ് വെച്ച വിധിന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാരാണ്. സുധാംഷു രഞ്ജുവിന്റെ പുസ്തകത്തിലെ വരികൾ ഉദ്ദരിച്ചായിരുന്നു ജലീൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഇതാദ്യമായല്ല സിറിയക് ജോസഫിനെതിരെ ജലീൽ രംഗത്ത് വരുന്നത്. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ചെയ്യാൻ മടിക്കാത്ത ആളാണെന്ന് മുമ്പും വിമർശിച്ചിരുന്നു. തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തേക്കാൾ വേഗതിൽ വിധി പറഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനാണെന്നും ഈ കേസിൽ നാർക്കോ പരിശോധന നടത്തിയ ബംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയിരുന്നെന്നും അദ്ദേഹം വിമര്ശിച്ചിരുന്നു.


ജലീലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

“അലസ ജീവിത പ്രേമി”ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ!! വിധി പറഞ്ഞതോ ഏഴേഏഴ്!!! ————————————- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച “Justice versus Judiciary” എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു:

“ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.

ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.

ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.

ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.

അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു”(പേജ് 260)

https://m.facebook.com/story.php?story_fbid=492178735597518&id=100044161883012