പെരിന്തൽമണ്ണയിൽ 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മുല്ലക്കൽ മണ്ണാഞ്ചേരി വീട്ടിൽ അൻസിഫാണ് (30) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് കാറും പണവുമായി യുവാവിനെ പിടിച്ചത്.

രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെയും എസ്.ഐ സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വച്ചിരുന്നത്.

കോയമ്പത്തൂരിൽ നിന്നും പാലക്കാട് വഴി ആലപ്പുഴയിലേക്ക് പണവുമായി പോവുകയായിരുന്നു അൻസിഫ് എന്നാണ് വിവരം. ഇയാളുടെ കാറിന് മുന്നിലെ ചില്ലിൽ ‘ഡോക്ടർ’ അടയാളവും പതിപ്പിച്ചിരുന്നു. കാർ അൻസിഫിന്റേതാണോ എന്നും പണത്തിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങളും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം കോടതിയിൽ നൽകുമെന്നും പൊലീസ് അറിയിച്ചു.