ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം, ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല: മന്ത്രി ആര്‍.ബിന്ദു
തിരുവനന്തപുരം: കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുകയാണ് പ്രതിപക്ഷമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കണ്ണൂര്‍ വി.സി പുനര്‍നിയമന വിവാദത്തില്‍ ലോകായുക്തയില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
കാര്യങ്ങള്‍ അവധാനതോടെയും പഠിച്ച് മനസ്സിലാക്കാന്‍ ഉത്തരവാദിത്തമുള്ളവരാണ് മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും. രമേശ് ചെന്നിത്തല നന്നേ ചെറുപ്പത്തില്‍ മന്ത്രിയായി രാഷ്ട്രീയ പ്രവര്‍ത്തം തുടരുന്നയാളാണ്. പിന്നീട് ആഭ്യന്തരമന്ത്രിയായി, പ്രതിപക്ഷ നേതാവായി. പ്രതിപക്ഷ നേതാവല്ലാതായി തീര്‍ന്നപ്പോഴുള്ള ഇഛാഭംഗമുള്ളതുകൊണ്ടോണോ ഈ കേസ് ഇത്ര പെരുപ്പിച്ച് കൊണ്ടുപോയത് എന്നറിയില്ല. അദ്ദേഹത്തെ പോലെയുള്ള ഒരാള്‍ കാര്യങ്ങള്‍ പഠിച്ച് മുന്നോട്ടുപോകണമെന്നാണ് തനിക്ക് പറയാനുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളും മുന്നേറ്റങ്ങളും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മുഖ്യമന്ത്രി. അതിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. എന്റെ ജോലി നിര്‍വഹിക്കാന്‍ എന്നെ അനുവദിക്കണം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റ ഭാഗത്തുനിന്ന് സഹകരണ മനോഭാവമാണ് കാണുന്നത്. അതില്‍ നന്ദിയുണ്ട്.
രമേശ് ചെന്നിത്തല അടുത്തകാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയോട് കടുത്ത എതിര്‍പ്പാണ് കാണിക്കുന്നത്. പൊതുജന മനസ്സില്‍ നിറഞ്ഞുനില്‍ക്കാനുള്ള ഇച്ഛയായിരിക്കാം അതിന് പിന്നില്‍.
സൃഷ്ടിപരമായ സഹകരണമാണ് രമേശ് ചെന്നിത്തലയെ പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വക്രീകരണവും തമസ്‌കരണവുമല്ല വേണ്ടത്. സമൂഹത്തിന്റെ ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തിയായിരിക്കണം മാധ്യമ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടെതെന്നും മന്ത്രി
ഗവര്‍ണറെ കുറിച്ച് ഒരു പരാമര്‍ശവും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹവുമായി നേരിട്ട് ഏറ്റുമുട്ടേണ്ട ഒരു കാര്യവുമില്ല. അദ്ദേഹം ലോകപരിചയവുമുള്ള പണ്ഡിതനാണെന്നും മന്ത്രി പറഞ്ഞു.