കോവിഡ് മരണം; രക്ഷിതാവ് നഷ്ടമായ കുട്ടികളെ ജില്ലാ പഞ്ചായത്ത് സഹായിക്കേണ്ടതില്ലെന്ന് സർക്കാർ

മലപ്പുറം: കോവിഡ് ബാധ മൂലം മാതാവോ പിതാവോ മരണപ്പെട്ട് അനാഥത്വം പേറുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മുന്നോട്ട് വെച്ച പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു.
സർക്കാർ മാർഗ നിർദേശ പ്രകാരം ധന സഹായത്തിന് അർഹത ലഭിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയ പദ്ധതിയാണ് സർക്കാർ നിർദ്ധാക്ഷിണ്യം തള്ളിയത്
കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധന സഹായം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മാതാവും പിതാവും ഒരുമിച്ച് മരണപ്പെട്ട കുട്ടികൾക്ക് മാത്രമായി സംസ്ഥാന സർക്കാർ പരിമിതപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസ ധന സഹായത്തിന് ജില്ലാ പഞ്ചായത്ത്‌ തുക നീക്കി വെച്ചത്. എന്നാൽ ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് നിരാലംബംരായ അനാഥ മക്കളോടുള്ള കണ്ണിൽ ചോരയില്ലാത്ത നടപടിയായി വിമർശനമുയരുന്നു.
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1000 രൂപയും 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 2000 രൂപയും വിദ്യാഭ്യാസ ധന സഹായമായി നൽകുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. സർക്കാർ തീരുമാന പ്രകാരം സഹായം ലഭിക്കുന്നതിന് അർഹതയുള്ള മാതാവും പിതാവും മരണപ്പെട്ടവരുടെ ഗണത്തിൽ ആകെ 5 കുട്ടികൾ മാത്രമാണ് മലപ്പുറം ജില്ലയിലുള്ളത്. എന്നാൽ മാതാവോ പിതാവോ ഏതെങ്കിലുമൊരാൾ മരണപ്പെട്ടതിനാൽ അനാഥത്വം പേറുന്ന നിരാലംബംരായ 370 കുട്ടികൾ മലപ്പുറം ജില്ലയിലുണ്ട്. ഇവർക്ക് വലിയ തോതിൽ ആശ്വാസമാവുന്നതായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രഖ്യാപിച്ച ധന സഹായം. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ് കോ ഓർഡിനേഷൻ കമ്മിറ്റി ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചതോടെ കോവിഡ് ബാധിച്ച് രക്ഷിതാവ് നഷ്ടപ്പെട്ട ജില്ലയിലെ നിരാലംബംരായ മുഴുവൻ കുട്ടികളുടെയും തുടർ പഠനത്തിലാണ് കരിനിഴൽ വീഴുന്നത്.
“ഇവരുടെ കാര്യത്തിൽ സർക്കാർ പൊതു തീരുമാനമെടുത്തിട്ടുണ്ട്. ആയതിനാൽ അനുമതി നിഷേധിക്കുന്നു ” എന്നാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള സർക്കാർ കുറിപ്പിൽ പറയുന്നത്. എന്നാൽ ഇത്തരം കുട്ടികളുടെ കാര്യത്തിൽ ഇത് വരെയും സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമർപ്പിക്കുന്ന പ്രത്യേക പദ്ധതി എന്ന നിലയിൽ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു പദ്ധതിക്ക് മേൽ സർക്കാർ ആപ്പ് വെച്ചത്. സർക്കാരിന്റെ നടപടിക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാണ്.