വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല, സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി, കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ദുബായ്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ കാര്യമറിയാതെയും മറ്റ് ചിലർ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിർക്കുന്നുണ്ട്. എന്നാൽ നാട്ടിലുള്ള ജനങ്ങൾ ഈ പദ്ധതി നിലവിൽ വരണമെന്നാഗ്രഹിക്കുന്നവരാണ്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലകളിലുമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിന് ചേർന്നതല്ലെന്നും മെട്രോമാൻ ഇ.ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ വേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് യോജിച്ചതല്ല. ഇക്കാര്യം മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു
അതേ സമയം, വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും.