കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തരക്കടലാസുകൾ കാണാനില്ല
ചേളാരി: കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ 3500 ഉത്തരക്കടലാസുകൾ കാണാനില്ല. 3 മാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഉത്തര കടലാസാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ സർക്കുലര്‍ ഇറക്കി. പരീക്ഷ എഴുതി ഒരു വർഷം കഴിഞ്ഞിട്ടും റിസൾട്ട് ലഭിക്കാതെ വിദ്യാർഥികൾ ദുരിതത്തിലാണ്.
മൂല്യനിർണയം വൈകാതിരിക്കാന്‍ ഫാള്‍സ് നമ്പരിങ് പോലും ഒഴിവാക്കിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. മൂല്യനിർണയം കഴിഞ്ഞ് മാർക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മൂവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസ് കാണാതായ വിവരം യൂണിവേഴ്സിറ്റി അധികൃതർ അറിയുന്നത്. ഉത്തരക്കടലാസ് കണ്ടെത്താന്‍ അനൗദ്യോഗികമായി നടത്തിയ ശ്രമവും പരാജയപ്പെട്ടു.
മൂല്യനിർണയം കഴിഞ്ഞ് മൂന്നു മാസമായിട്ടും ഫലം പ്രഖ്യാപിക്കാനാവാതെ വന്നതോടെയാണ് പരീക്ഷാ കണ്‍ട്രോളർ ഇടപെട്ടത്. ഏതെങ്കിലും വിഭാഗത്തില്‍ ഉത്തരപേപ്പർ മാർക്ക് എന്‍റർ ചെയ്യാതെ ഉണ്ടെങ്കില്‍ അറിയക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം നല്‍കി.
ഒരു വർഷം മുമ്പ് പരീക്ഷയെഴുതിയ വിദ്യാർഥികള്‍ ഫലമറിയാത്ത ബുദ്ധിമുട്ടിലാണ്. ഫലമനുസരിച്ചു വേണം ഇംപ്രൂമെന്റ് ഉള്‍പ്പെടെ നോക്കാന്‍. സപ്ലിമെന്‍ററി പരീക്ഷയായി എഴുതിയവർ ഫലം വരാത്തതിനാല്‍ തുടർ പഠനം അവതാളത്തിലായ അവസ്ഥയിലാണ്. പരീക്ഷ വിഭാഗത്തിലെ അനാസ്ഥയുടെ ഫലമാണ് ഉത്തരക്കടലാസ് കാണാതായ സംഭവമെന്നും നേരിട്ട് ഇടപെടണമെന്നും കാണിച്ച് സിന്‍ഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് വൈസ് ചാന്‍സലർക്ക് കത്തയച്ചു.