തിരുന്നാവായ സർവോദയ മേള: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
തവനൂർ: തിരുന്നാവായ സർവോദയ മേള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടക്കും.
ഫെബ്രുവരി 11ന് വൈകുന്നേരം 6.30ന് തവനൂർ കേളപ്പജി നഗറിൽ ഗാന്ധിയൻ മാരുടെയും ഗാന്ധി മാർഗ പ്രവർത്തകരുടെയും സംഗമ ശേഷം സർവോദയ മേള ഉദ്ഘാടനം നടക്കും. തുടർന്ന് ഗാന്ധിമാർഗത്തിൻ്റെ പ്രസക്തിയെ കുറിച്ച് ചർച്ചയുണ്ടാകും.
മഹാത്മജിയുടെ ചിതാഭസ്മ നിമജ്ജന സ്മരണയിൽ ഫെബ്രുവരി 12 ന് രാവിലെ 6.30 ന് ശാന്തിയാത്ര ആരംഭിക്കും. തവനൂരിലെ ഗാന്ധി കേളപ്പൻ സ്മാരകങ്ങളിലെ പുഷ്പാർച്ചനക്കും, സർവ്വമത പ്രാർത്ഥനക്കും ശേഷമാണ് തിരുന്നാവായയിലേക്ക് നിളാ നദിയിലൂടെ ശാന്തിയാത്ര നടക്കുക. തിരുന്നാവായയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണശേഷം സ്മൃതി സംഗമം നടക്കും. തുടർന്ന് നാവാമുകുന്ദ ക്ഷേത്ര സത്രം നാളിൽ സർവോദയ മിത്ര മണ്ഡലം ജില്ല സംഗമത്തോടുകൂടി സർവോദയ മേള സമാപിക്കും. ശാന്തിയാത്രക്ക് വേണ്ടി തോണി സർവീസിനായുള്ള ജെട്ടി നിർമ്മാണം പൂർത്തിയായി വരുന്നതായും , മേള ഒരുക്കങ്ങൾ പൂർത്തിയായ തായും സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടും മേളാ കമ്മറ്റി ചെയർമാനുമായ ഡോ. ജോസ് മാത്യു, വർക്കിങ് ചെയർമാൻ മുൻ എം.പി. പി ഹരിദാസ് എന്നിവർ പറഞ്ഞു.