വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ഏഴ് ദിവസം ക്വാറന്റൈൻ ഇല്ല; സ്വയം നിരീക്ഷണം; മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാർഗരേഖയിൽ മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പുതിയ മാർഗ രേഖ പ്രാബല്യത്തിൽ വരും.
ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ, എട്ടാം ദിവസം ടെസ്റ്റ്, നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം എന്നിങ്ങനെയാണ് നിലവിലെ മാർഗരേഖയിൽ പറയുന്നത്. ഇത് ഒഴിവാക്കി 14 ദിവസം സ്വയം നിരീക്ഷണം എന്നതു മാത്രമായി ചുരുക്കി.
എയർപോർട്ടിൽ എത്തുന്ന ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ റാൻഡം ചെക്കിങ്ങിനു വിധേയമാക്കും. ഇവർക്കു സാംപിൾ കൊടുത്തു വീടുകളിലേക്കു പോവാം.
യാത്ര പുറപ്പടുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. എന്നാൽ ഇതിനു പകരം വാക്സിൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താലും മതിയാവുമെന്ന് പുതിയ മാർഗരേഖ പുറത്തിറക്കിക്കൊണ്ട് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവാദമുള്ളത്. 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വാക്സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ഫലം ഇനി നിർബന്ധമല്ലാത്തത്. എന്നാൽ, യു.എ.ഇയും ചൈനയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവർ 72 മണിക്കൂറിനിടയിലുള്ള ആർടിപി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.
ഇത്തരത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് സ്വീകാര്യമായ 82 രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസ്, ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂർ, സൗദി അറേബ്യ, ഇസ്രയേൽ, ബംഗ്ലാദേശ്, ഇറാൻ, നേതാപ്പൾ, മെക്സിക്കോ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ ഉണ്ട്.
വിദേശത്തുനിന്നെത്തുന്നവർ എയർ സുവിധ പോർട്ടലിൽ ലഭ്യമായ സത്യവാങ്മൂലം ഓൺലൈനായി പൂരിപ്പിച്ച് നൽകണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.എയർപോർട്ടിൽ എത്തുമ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും.
അഞ്ചു വയസ്സിൽ താഴെയുള്ളവരെ യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പരിശോധനയിൽ നിന്ന ഒഴിവാക്കി. എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇവരും പരിശോധനയ്ക്കു വിധേയമാവണം.