ഹിജാബ് വിഷയം: വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്; കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു.

കുട്ടികളുടെ അധ്യായനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് കോളേജിലോ സ്കൂളിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഹിജാബുമായി ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാക്കും വരെ ഇത്തരത്തിൽ കുട്ടികൾക്ക് കോളേജിൽ പോകാവുന്നതാണ്. തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീർപ്പുണ്ടാവുകയുള്ളൂ. എത്രയും പെട്ടെന്ന് ഹർജി തീർപ്പാക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.
ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.