വ്യാജപീഡന പരാതിക്കേസിൽ ശിവശങ്കർ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്‌ന

തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്ക‌‌ർ ഇടപെട്ടിരുന്നതായി വെളിപ്പെടുത്തിയതിന് പിറകെയാണ് പുതിയ കാര്യം സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വപ്ന പ്രതിയായ എയർ ഇന്ത്യ സാ‌റ്റ്സ് ‌കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ഇടപെടലുകൾ വെളിപ്പെടുത്തുന്ന പുതിയ ആരോപണം സ്വപ്‌ന നടത്തിയത്. നിലവിൽ ഈ കേസിലോ സ്വപ്‌ന ആരോപിച്ച മറ്റ് കേസുകളിലോ ശിവശങ്കറിനെതിരായ അന്വേഷണം സംസ്ഥാന ഏജൻസികൾ നടത്തിയിട്ടില്ല. എയർ എന്ത്യ സാറ്ര്‌സ് എച്ച് ആർ മാനേജരായിരുന്ന സ്വപ്‌നയാണ് അന്ന് വ്യാജപരാതിയുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആകെ പത്ത് പ്രതികളാണ് കേസിലുള‌ളത്. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി.

പദവിയും അധികാരവുമുള‌ളവർക്ക് എതിരെ താൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ക്രൈെംബ്രാഞ്ച് ചാർജ് ഷീറ്റ് തയ്യാറാക്കിയതെന്ന് സ്വപ്‌ന പറഞ്ഞു. സത്യം പറഞ്ഞതിന്റെ പ്രതികാരമാണ് പെട്ടെന്നുള‌ള ക്രൈംബ്രാഞ്ച് നടപടി. മുൻപ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ശിവശങ്കർ ഇടപെട്ടിരുന്നതായും അധികാരം ഉപയോഗിച്ച് തന്നെ ആക്രമിക്കാനാണ് ഇപ്പോൾ ശിവശങ്കർ ശ്രമിക്കുന്നതെന്ന് കരുതുന്നെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു. തനിക്കെതിരായ എല്ലാം നടപടികളും നേരിടുക തന്നെ ചെയ്യുമെന്ന് സ്വപ്ന അറിയിച്ചു.