ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിക്കലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും സാദിക്കലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയിലെ ഒരു പെൺകുട്ടി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് “ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്നും വിദ്യാർഥിനികൾ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പോഴാണ് ദയവായി ഇത് വലിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്- ‘എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ചിന്തിക്കൂ, ഇത് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ? ദേശീയ തലത്തിൽ? എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഞങ്ങൾ നോക്കും”.

ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും. സ്കൂളുകളും കോളജുകളും തുറക്കാനും ഹിജാബ് കേസിലെ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും കോടതി ഇന്നലെ നിര്‍ദേശം നല്‍കി. വാദങ്ങൾക്കിടയിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.