നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരമായി. രാവിലെ 7ന് നിലമ്പൂരില്‍ നിന്ന് ആരംഭിച്ച് 8.30ന് ഷൊര്‍ണൂരില്‍ എത്തുന്ന വിധമാണ് സര്‍വീസ്. അതേ ട്രെയിന്‍ തിരിച്ച് 5.55 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് 7.55ന് നിലമ്പൂരിലെത്തും. ഇതു സംബന്ധിച്ച് സതേണ്‍ റെയില്‍വേ യാത്രാ ഷെഡ്യൂള്‍ പുറത്തിറക്കി. അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനായാണ് സര്‍വീസ്.

മുഴുവന്‍ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. നിലമ്പൂര്‍, തൊടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വാടാനാംകുര്‍ശി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെല്ലാം സ്‌റ്റോപ്പുണ്ടാകും. 2 സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടെ 12 കോച്ചുകളുണ്ടാകും. രാജ്യറാണിക്ക് പുറമേ കോട്ടയം – നിലമ്പൂര്‍ സ്‌പെഷല്‍ ട്രെയിന്‍ ആണ് നിലവില്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്നത്. ഇവയ്ക്ക് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പില്ല.