കുറ്റിപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ യൂണിറ്റ്; ഹാൻസും ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന യന്ത്രവും പോലീസ് പിടിച്ചെടുത്തു


മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ്  കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇവിടെ നിന്നും ലഹരി വസ്തുക്കളും, ഉപകരണങ്ങളും, വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.

കെട്ടിടത്തിൽ നിന്നും ഹാൻസ് വ്യാജമായി നിർമ്മിക്കുന്ന ഒരു മെഷീൻ, ഒരു അശോക് ലെയ്ലാൻഡ് ദോസ്ത് ലോറി, രണ്ട് മോട്ടോർസൈക്കിൾ, കൂടാതെ ചാക്കുകണക്കിന് ഹാൻസ് എന്നിവ കണ്ടെടുത്തു. 40 ചാക്ക് ഹാൻസ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. രാത്രി മെഷീൻ അടക്കമുള്ള സാമഗ്രികൾ ഫാക്ടറിയിൽ നിന്നും വാഹനത്തിൽ കയറ്റുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. മേഖലയിൽ ഇത്തരത്തിൽ ഒരു ഫാക്ടറി പ്രവർത്തിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാത്രി സമയങ്ങളിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത് എന്നത് കൊണ്ട് ആരും അറിഞ്ഞിരുന്നില്ല.

2021 നവംബറിൽ വേങ്ങരയിലും സമാന രീതിയിൽ യന്ത്രവും മറ്റ് ഉപകരണങ്ങളും ലഹരിവസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. ജില്ലയിൽ പലയിടത്തും ഇത്തരത്തിൽ വ്യാജ ലഹരിവസ്തു നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്. വേങ്ങരയിൽ മുൻപ് പിടിച്ചെടുത്ത സമയത്ത് ഒറ്റപ്പെട്ട നിർമ്മാണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപ്പൊൾ കുറ്റിപ്പുറത്തും സമാന സംവിധാനങ്ങൾ പിടിച്ചെടുത്തതോടെയാണ് പോലീസ് ഇത്തരത്തിൽ സംശയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമല്ല ഇതൊന്നും നാട്ടിൽ എത്തുന്നത് എന്നും പോലീസ് വിലയിരുത്തുന്നു.

വേങ്ങരയിൽ വട്ടപ്പൊന്തയിലാണ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഫാക്ടറി പ്രവർത്തിച്ചത്. ഉടമയും മൂന്ന് ജീവനക്കാരും അന്ന് അറസ്റ്റിലായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണ്. ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്സൽ, കൊളപ്പുറം സ്വദേശി സുഹൈൽ, ഡൽഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: ബീഡിക്കമ്പനി എന്ന വ്യാജേനയായിരുന്നു വേങ്ങര വട്ടപ്പൊന്തയിൽ എന്ന സ്ഥലത്ത് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലായിരുന്നു ‘ഫാക്ടറി’ പ്രവർത്തിച്ചിരുന്നത്. ചില സൂചനകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്.

അന്വേഷണസംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടപാടുകാർ എന്ന വ്യാജേന എത്തിയ പോലീസ് ഹാൻസ് നിർമ്മാണ ഫാക്ടറിയുടെ പ്രവർത്തനം മുഴുവൻ വിശദമായി മനസിലാക്കി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അഞ്ച് ലക്ഷത്തോളം വില വരുന്ന രണ്ട് യൂണിറ്റുകളാണ് അഞ്ച് മാസത്തോളമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത പുകയില വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. തുടർന്ന് യന്ത്രസഹായത്തോടെ പുകയില ഹാൻസ് ആക്കി കവറുകളിൽ നിറച്ചു.

രാത്രിയിൽ ഫാക്ടറിയിൽ എത്തുന്ന സംഘം ആഡംബര വാഹനങ്ങളിലാണ്  സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടു പോയിരുന്നത്. ബീഡി നിർമ്മാണം എന്നാണ് പ്രതികൾ  നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുകയിലയുടെ ഗന്ധം ആർക്കും സംശയം ഉണ്ടാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസയാണ് മുഖ്യപ്രതി. 100 ചാക്കോളം ഹാൻസ് പിടികൂടിയ സംഭവത്തിൽ ഹംസക്ക് എതിരെ പട്ടാമ്പിയിൽ കേസുണ്ട്.