ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും


മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍  ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍ ലാബുടമകള്‍ ധര്‍ണ്ണ നടത്തും.
കൊവിഡ് പരിശോധക്കുള്ള ഹോം കിറ്റുകള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ 250 രൂപ ചാര്‍ജ്ജ്  ഈടാക്കുമ്പോള്‍ ഈ പരിശോധന നൂറ് രൂപക്ക് ചെയ്ത് നല്‍കണമെന്ന് പറയുന്നത് തീര്‍ത്തും അപ്രായോഗികമാണ്.150 രൂപ വിലയുള്ള കിറ്റുകളാണ് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി ലാബുകള്‍ വാങ്ങിവെച്ചിട്ടുള്ളത്. അമിത ചാര്‍ജ്ജ് ഈടാക്കുന്ന സ്ഥാപനങ്ങളായി ലാബുകളെ ചിത്രീകരിത്താനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍മാണ്.കഴിഞ്ഞ രണ്ട് തവണയും സര്‍ക്കാര്‍ നിരക്ക് കുറച്ചപ്പോള്‍ യാതൊരു ലാഭവുമില്ലാതെയായിരുന്നു ലാബുകള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നത്.
കൊവിഡ് പരിശോധനാ നിരക്ക് നിശ്ചയിക്കുന്നതിന് മുന്‍പ് ലാബ് ഉടമകളുമായി ചര്‍ച്ച നടത്തുകയും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ നിരക്കുകള്‍ വെട്ടിക്കുറച്ചത്. സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളുടെ നിലനില്‍പ്പിനെത്തന്നെ സാരമായി ബാധിക്കുന്ന ഈ നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിക്കാത്തതാണെന്ന് ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍  അറിയിച്ചു.
രാവിലെ 10 മണിക്ക് ധര്‍ണ്ണ ആരംഭിക്കും.