മലപ്പുറം പൊലീസിന് എട്ട് ഗൂർഖ ജീപ്പുകൾ

മലപ്പുറം: മലയോര മേഖലയിൽ ദുർഘടപാതകൾ താണ്ടാൻ പൊലീസിനു കൂട്ടായി ഗൂർഖ ജീപ്പ്. ജില്ലയിൽ കരുവാരകുണ്ട്, കാളികാവ്, നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് ഫോഴ്സ് കമ്പനിയുടെ പുതിയ ജീപ്പുകൾ നൽകുന്നത്. സംസ്ഥാനത്ത് 46 ജീപ്പുകളാണ് സേന നവീകരണത്തിന്റെ ഭാഗമായി വാങ്ങിയത്.

കൂടുതൽ ജീപ്പുകൾ അനുവദിച്ചത് മലപ്പുറം ജില്ലയിലേക്കാണ്. മാവോയിസ്റ്റ് ഭീഷണിയുള്ളതും ദുർഘട പാതകളും പരിഗണിച്ചാണ് ഓഫ്റോഡ് യാത്രയ്ക്കു യോജിച്ച ജീപ്പുകൾ നൽകിയിട്ടുള്ളത്. നാലു ചക്രങ്ങളുള്ള ഗൂർഖ ജീപ്പ് മണലിലും ബോണറ്റ് വരെ വെള്ളത്തിലും ഓടിക്കാനാകും. തിരുവനന്തപുരത്തുനിന്ന് അതത് സ്റ്റേഷൻ ഡ്രൈവർമാർ ജില്ലയിലേക്കുള്ള വാഹനങ്ങൾ മലപ്പുറം എആർ ക്യാംപിൽ എത്തിച്ചു. ഇവിടെനിന്നു നാളെ സ്റ്റേഷനിലേക്കു കൊണ്ടുപോകും.