വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കും.
ഡയാലിസിസ് സെന്ററിന് ആവശ്യമായ തസ്തികകൾ നിർണ്ണയിക്കാനും നിർദ്ദേശം
വേങ്ങര: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് കാരണം നിർത്തി വെച്ച കിടത്തി ചികിത്സ പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. നിയോജക മണ്ഡലത്തിലെ ആരോഗ്യ- ഊർജ്ജ വകുപ്പ് വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. നാല് കോടി രൂപ ചിലവിൽ നിർമ്മിച്ച ഡയാലിസിസ് കെട്ടിടത്തിൽ സൗജന്യ ഡയാലിസിസ് ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള പ്രപ്പോസലുകൾ തയ്യാറാക്കി സമർപ്പിക്കാനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. കുന്നുംപുറം, കണ്ണമംഗലം എഫ്.എച്ച്.സികളിൽ കോവിഡ് ഐസൊലേഷൻ വാർഡ് സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. കുന്നുംപുറം എഫ്.എച്ച്.സി യിൽ കിടത്തി ചികിത്സക്കുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ധം ചെലുത്തും. ഊരകം പി.എച്ച്.സിയെ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുത്തുന്നതിനും,പരപ്പിൽപാറ സബ് സെന്റർ കെട്ടിടം നിർമ്മാണ പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനും എം.എൽ.എ നിർദ്ദേശം നൽകി. നിയോജക മണ്ഡലത്തിൽ കോവിഡ് സെക്കന്റ് ഡോസ് ഡ്രൈവ് സംഘടിപ്പിക്കും.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുക ളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾക്ക് കണക്ഷൻ നൽകുന്നതിനുള്ള പോസ്റ്റുകൾ അടിയന്തിരമായി ലഭ്യമാക്കി മുഴുവൻ ലൈറ്റുകളും പ്രകാശിപ്പിക്കാൻ വേണ്ട നടപടികൾ വേഗത്തിലാക്കാൻ ഇലക്ട്രിസിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മാർച്ച് 31 നുള്ളിൽ ആവശ്യമായ പോസ്റ്റുകൾ ലഭ്യമാക്കി മുഴുവൻ ലൈറ്റുകൾക്കും കണക്ഷൻ ലഭ്യമാക്കുമെന്ന് യോഗം ഉറപ്പു വരുത്തി.വേങ്ങര 110 കെ.വി സബ്സ്റ്റേഷൻ നടപടികൾ ത്വരിതപ്പെടുത്തും. വിവിധ പഞ്ചായത്തുകളിലെ സ്ട്രീറ്റ് മെയിൻ ലൈൻ വലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പെട്ടന്ന് പൂർത്തീകരിക്കാനും,നിലാവ് പദ്ധതികൾ പൂർണമായും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഡോ. രേണുക.ആർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മായിൽ, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ (ഇലക്ട്രിസിറ്റി) ഷീബ കെ.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ(ഇലക്ട്രിസിറ്റി) വേലായുധൻ ഒ.പി, ഗ്രാമ പഞ്ചായത്ത് പ്രഡിഡണ്ടുമാരായ കെ.കെ.മൻസൂർ കോയ തങ്ങൾ, കടമ്പോട്ട് മൂസ, കെ.പി.ഹസീന ഫസൽ, സലീമ ടീച്ചർ, ലിയാഖത്ത് അലി കാവുങ്ങൽ,യു.എൻ.ഹംസ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ പുളിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, ആരോഗ്യ-ഊർജ്ജ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.