Fincat

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പൽ സർവീസ് ആരംഭിക്കുന്നു.ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായി പഠനയാത്രയെന്ന നിലയ്ക്കാണ് പൊന്നാനിയിലെ മാധ്യമ കൂട്ടായ്മയുടെ നേത്വത്തിൽ ആദ്യത്തെ കപ്പൽ യാത്ര നടത്തുക.ഇതിന്റെ ഭാഗമായി പി.നന്ദകുമാർ എംഎ‍ൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് അധ്യക്ഷന്മാർ പങ്കെടുത്ത ആലോചനായോഗം ചേർന്നു. പൊന്നാനിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയമായ പ്രസ് ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാർച്ച് 26ന് ലക്ഷ ദ്വീപിലേക്ക് ആദ്യ സർവിസ് നടത്തുക.അമ്പതോളം പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാവുക.നിലവിൽ കൊച്ചിയിൽ നിന്നും, ബേപ്പൂരിൽ നിന്നുമാണ് ലക്ഷദ്വീപിലേക്ക് സർവ്വീസ് ഉള്ളത്. ഇവിടങ്ങളിൽ നിന്നും ലക്ഷദ്വീപിലെത്തുന്നതിനേക്കാൾ സമയ ലാഭം പൊന്നാനിയിൽ നിന്നും ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. പൊന്നാനിയിൽ നിന്നും കവരത്തി ദ്വീപിലേക്ക് 194 നോട്ടിക്കൽ മൈൽ ദൂരവും, ആന്ത്രോത്ത് ദ്വീപിലേക്ക് 124 നോട്ടിക്കൽ മൈൽ ദൂരവുമാണ് ഉള്ളത്.

1 st paragraph

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചും തീർത്ഥാടന ടൂറിസമാണ് ആദ്യഘട്ടത്തിലെ ആലോചനയിലുള്ളത്.ഇതിനായി പൊന്നാനി തീരത്ത് ഫ്ലോട്ടിങ് ജെട്ടി നിർമ്മിക്കും. 2016 ൽ പൊന്നാനിയിലെ സാമൂഹ്യ പ്രവർത്തകനായ സമീർ ഡയാന ഈ പദ്ധതിയുടെ വിശദമായ നിർദ്ധേശം അന്നത്തെ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സമർപ്പിച്ചിരുന്നു. തുടർന്നാണ് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതിക്ക് ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായത്.പൊന്നാനി തീരത്തു നിന്ന് കപ്പലേറി ദ്വീപിൽ കാലുകുത്താൻ മോഹിച്ച പഴമക്കാർക്കു മുന്നിൽ പുതിയ സാധ്യതകൾ തേടുകയാണ് ഇത്തരമൊരു പഠനയാത്രയുടെ ലക്ഷ്യം.സാങ്കേതികവും ഭരണപരവുമായ മുഴുവൻ പിന്തുണയും സാധ്യമാക്കുന്ന തരത്തിൽ ബന്ധപ്പെട്ടവരുടെ സമ്പൂർണ്ണ സാന്നിധ്യം ഉറപ്പുവരുത്തിയതായി എംഎ‍ൽഎ അറിയിച്ചു.

2nd paragraph

ആദ്യഘട്ടമെന്ന നിലയിലാണ് വിവിധ മേഖലയിലുള്ളവരെ ചേർത്ത് പഠനയാത്ര നടത്താൻ തത്വത്തിൽ ധാരണയായത്.കപ്പൽ പൊന്നാനി തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തിൽ ഷിപ്പ് പൈലറ്റ് ഉറപ്പു നൽകിയിട്ടുണ്ട്. ദ്വീപിലെ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദ്വീപ് നിവാസികൾ സ്വയം സന്നദ്ധമായി. യാത്രയുടെ ഭാഗമായി എംപി യും ,എംഎ‍ൽഎ യും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയക്കും. പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനായി ഹൈഡ്രോ ഗ്രാഫിക് സർവ്വേ നടത്തും. എംപി യും ,എംഎ‍ൽഎ യും എമിഗ്രേഷൻ അധികൃതർക്കും, കസ്റ്റംസിനും, തീരദേശ പൊലീസിനും കത്തയക്കും.

പൊന്നാനിയിൽ നിന്നുള്ള യാത്രക്ക്, ദ്വീപിലേക്ക് സഞ്ചാരപാത തുറക്കുന്നതോടെ വലിയ മാറ്റങ്ങൾ പൊന്നാനിയെ തേടിയെത്തുമെന്നാണ് കണക്കുകൂട്ടൽ. ടൂറിസം രംഗത്ത് ശ്രദ്ധേയമായ ഉണർവുണ്ടാകും. യോഗത്തിൽ പി.നന്ദകുമാർ എംഎ‍ൽഎ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ മാത്യു, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് ,പോർട്ട് പൈലറ്റ് പ്രതീഷ്.ജി.നായർ, സംസ്ഥാന ഹജ് കമ്മറ്റിയംഗം കെ.എം മുഹമ്മദ് കാസിം കോയ, ലക്ഷദ്വീപ് പ്രതിനിധികളായ കെ.കെ ഷമീം, സി.എം അബ്ദുൾമുഹ്സിൻ, അഷ്റഫ് കോക്കൂർ, അർഷാദ്, പി.കെ ഖലീമുദ്ദീൻ, ഒ.ഒ ഷംസു, ഫർഹാൻ ബിയ്യം, സമീർ ഡയാന, ടി.ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.