സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു;പുതിയ മാർഗരേഖയിൽ എതിർപ്പുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് വീണ്ടും തുറക്കുന്നു. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഒരാഴ്ചത്തേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടക്കും. അടുത്ത തിങ്കളാഴ്ച മുതൽ സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും. പുതിയ മാർഗരേഖയിൽ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നു.

ഓൺലൈൻ അധ്യയനം ഒരുവശത്ത് നടക്കുമ്പോഴും ഇന്ന് മുതൽ കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തും. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പാതിവഴിയിൽ അടച്ചിട്ട സ്‌കൂളുകളുടെ പ്രവർത്തനമാണ് പൂർണ സജ്ജമാകുന്നത്. ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ ഒരാഴ്ചത്തെ അധ്യയനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. അടുത്ത തിങ്കളാഴ്ചയോടെ സാധരണനിലയിലാക്കാനാണ് സർക്കാർ തീരുമാനം. ടൈംടേബിൾ അനുസരിച്ച് വൈകിട്ടു വരെ അധ്യയനം ക്രമീകരിക്കും.ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിൽ ഇക്കുറി വാർഷിക പരീക്ഷ നടത്തും. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28ന് അകം പൂർത്തീകരിക്കണം. ഇതിന് വേണ്ടി ഫെബ്രുവരിയിലെയും, മാർച്ചിലെയും പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകളിലും സ്‌കൂളുകൾ പ്രവർത്തിക്കും.

എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കണം. പാഠഭാഗങ്ങൾ പൂർത്തീകരിച്ച റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകാനും നിർദേശം നൽകി. അതിനിടെ പുതുക്കിയ മാർഗരേഖയ്ക്ക് എതിരെ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നു. കൂടി ആലോചിക്കാതെയാണ് മാർഗരേഖ പുറത്തിറക്കിയത്. തീരുമാനം പിൻവലിക്കണം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും അധ്യാപക സംഘടന നൽകി. ശനിയാഴ്ച്ച പ്രവർത്തി ദിവസമാക്കുന്നതും ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ ഒന്നിച്ച് കൊണ്ടു പോകുന്നതുമാണ് അധ്യാപക സംഘടനയുടെ എതിർപ്പിന് കാരണം.