നാട്ടിലെ മുസ്ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി തിരൂരിലെ ക്ഷേത്ര ഭാരവാഹികൾ
തിരൂർ: മതസൗഹാർദത്തിന് ഏറെ പേരുകേട്ട ജില്ലയാണ് മലപ്പുറം, വിവാദങ്ങൾ ഒട്ടനവധി ജില്ലയുടെ പേരിൽ നടക്കാറുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇതൊന്നും ബാധിക്കാറില്ല. മുസ്ലിം സഹോദരന്റെ മരണത്തിന് പിന്നാലെ ഉത്സവാഘോഷങ്ങൾ മാറ്റിവെച്ച ക്ഷേത്ര ഭാരവാഹികളാണ് ജില്ലയുടെ മതസൗഹാർദ്ദത്തിന് പുതിയ ഉദാഹരമുയർത്തിപ്പിടിച്ചിരിക്കുന്നത്. ബാൻഡു മേളങ്ങളുമായി ക്ഷേത്രത്തിലേക്ക് ആരവങ്ങളോടെ ഭക്തർ നടന്നെത്തുന്ന സമയത്താണ് നാട്ടിലെ മുസ്‍ലിം സഹോദരന്റെ മരണവാർത്ത കമ്മറ്റിക്കാർ അറിയുന്നത്.
പ്രദേശത്ത് സജീവമായി ഇടപെട്ടിരുന്ന ഹൈദറാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേർന്ന തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവ ഭാരവാഹികൾ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചു. ചടങ്ങ് മാത്രമായി ഉത്സവം നടത്തിയാൽ മതിയെന്ന് തീരുമാനമെടുത്തു. ബാൻഡുകളും ശിങ്കാരിമേളങ്ങളും കലാരൂപങ്ങളുമൊക്കെയായി ഒട്ടേറെ ആഘോഷ പരിപാടികൾ ക്ഷേത്ര ഭാരവാഹികൾ നേരത്തെ തയ്യാറാക്കിയിരുന്നു. എന്നാൽ മരണ വാർത്ത എത്തിയതോടെ ഇതൊന്നും വേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഹൈദറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടി.പി.വേലായുധൻ, എം.വി.വാസു, ടി.പി.അനിൽകുമാർ, കെ.പി.സുരേഷ്, ബാബു പുന്നശ്ശേരി, പ്രേമൻ പുന്നശ്ശേരി, ഷാജി പുന്നശ്ശേരി, കെ.ഇ.സുരേഷ് എന്നിവർ പറഞ്ഞു.