ഗവര്‍ണര്‍ ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മതപരമായ കാര്യത്തില്‍ ഗവര്‍ണറുടെ ഫത്വ വേണ്ടെന്നും ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് ചെയ്യുന്നത് അനൗചിത്യമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മുസ്ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം. ഗവര്‍ണര്‍ ഫത്വ ഇറക്കി കൊണ്ടിരിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.
ഹിജാബില്‍ ഗവര്‍ണറുടെ പരിമിതിമായ അറിവ് പ്രശ്‌നമാണ്. ഹിജാബ് ഒന്നിനും ഒരു തടസ്സമല്ലെന്നും സംശയമുണ്ടെങ്കില്‍ മറ്റു പല രാജ്യങ്ങളിലും പോയി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡിലെ അഴിമതി നിലവിലുള്ള ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയത് ഗൗരവമുള്ള കാര്യമാണ്. യു.ഡി.എഫ് സംഭവം ചര്‍ച്ച ചെയ്യും. കെ റെയിലിന് ഇപ്പോള്‍ കിട്ടിയ സ്റ്റേ, അനുമതി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.