പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.

”ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.ഒഎസ്എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് അദ്ദേഹം മരിച്ചു” മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ, കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബപ്പിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അലോകേഷ് ലാഹിരി എന്നാണ് ബപ്പിയുടെ യഥാര്‍ഥ പേര്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്‍റെ ഉപയോഗം അദ്ദേഹം ജനപ്രിയമാക്കുകയും സ്വന്തം രചനകളിൽ ചിലത് ആലപിക്കുകയും ചെയ്തു. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980-കളിലും 1990-കളിലും അദ്ദേഹം ജനപ്രിയനായിരുന്നു. 2014-ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ (ലോക്‌സഭാ മണ്ഡലം) ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു.