സി പി ഐ എം തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

തിരുന്നാവായ: പഞ്ചായത്ത് ഉദ്യോഗസ്ഥരറിയാതെ കെട്ടിടത്തിന് അനധികൃതമായി നമ്പർ ഇട്ടു കൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം പ്രവർത്തകർ. തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.തിരുന്നാവായ 14 ആം വാർഡിൽ കാരത്തൂർ അങ്ങാടിയിലെ ഇരുനില കെട്ടിടത്തിനാണ് പഞ്ചായത്ത് യു ഡി എഫ് ഭരണ നേതൃത്വത്തിൽ കെട്ടിട നമ്പർ നൽകിയത്. കുറ്റിപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ നിർമ്മാണത്തിലെ ക്രമക്കേടുകൾ മൂലം കെട്ടിട നമ്പർ നൽകാൻ കഴിയില്ലെന്ന് ബിൽഡിംഗ് സെക്ഷൻ ജീവനക്കാർ ഫയലിൽ കുറിച്ചിരുന്നു. പിഡബ്ലിയു റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാത്തതും കെട്ടിടത്തിൽ
ടോയ് ലറ്റ് , പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതുമടക്കമുള്ള കെട്ടിട നിർമ്മാണ നിയമ ലംഘനങ്ങൾ ചൂണ്ടി കാണിച്ചാണ് കെട്ടിടത്തിന് നമ്പർ നൽകാതിരുന്നത്. എന്നാൽ സെക്ഷൻ ചുമതലയുള്ള ജീവനക്കാരൻ അവധിയിൽ പോയ ദിവസത്തിൽ രാത്രിയിൽ കെട്ടിടത്തിന് നമ്പർ നൽകിയതെന്ന് രേഖകളിൽ കാണുന്നുണ്ട്. ഇതു സംബന്ധിച്ച് സെക്രട്ടറിയോടും ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാരോടും അന്വേഷിച്ചപ്പോൾ തങ്ങൾക്കിതിൽ ഉത്തരവാദിത്തമില്ലെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു.

എന്നാൽ അനധികൃതമായി നിർമ്മിച്ച ഈ കെട്ടിടം പൊളിച്ച് മാറ്റുകയും കൃത്രിമമായി നമ്പർ ഇട്ടുകൊടുത്തവർക്കെതിരെയും കേസെടുത്ത് ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് സി പി ഐ എം
തിരുനാവായ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയേയും അസി. സെക്രട്ടറിയേയും ഉപരോധിച്ചത്. തുടർന്ന് സെക്രട്ടറി ഡി ഡി പിയുമായി ചർച്ച നടത്തി. ക്രമ വിരുദ്ധമായി നമ്പറിട്ട നൽകിയത് റദ്ദാക്കുമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഡി ഡി പി യും സെക്രട്ടറിയും ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈജു തിരുന്നാവായ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ അഡ്വ കെ വിനോദ് ,ശ്രീദേവൻ, ശശി, വേലായുധൻ, മോഹൻദാസ്, സ്വാമി ദാസൻ , മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി