ലോകായുക്ത ഭേദഗതി ഭരണഘടനാ വിരുദ്ധം; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാർ
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി സംഭന്ധിച്ച് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നു. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്. ഭേദഗതിക്ക് മുമ്പ് ചർച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ശരിയായില്ലെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിമർശനത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഓർഡിനൻസിൽ മന്ത്രിമാർക്ക് നേരത്തെ തന്നെ കുറിപ്പ് നൽകിയിരുന്നു.
വിഷയം സിപിഐ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടുണ്ടാവുമെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ നേരത്തെ തന്നെ സിപിഐ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്. ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തിലും സിപിഐ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രതികരണം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രനും അതൃപ്തി വ്യക്തമാക്കിയിരുന്നു.
ഇകെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മൂലനിയമത്തെ ഇല്ലാതാക്കുന്ന നിയമ ഭേദഗതി ഭരണഘടനവിരുദ്ധമെന്നായിരുന്നു വിഷയത്തില്‍ നേരത്തെ പ്രതികരിച്ച സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയത്.