വൈദ്യുതി കരാറിൽ ക്രമക്കേട് നടന്നെങ്കിൽ അതിന് ഉത്തരവാദി എംഎം മണി: ആര്യാടൻ മുഹമ്മദ്


മലപ്പുറം: മുന്‍ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയ വൈരാഗ്യമാണ് എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍. യുഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും വൈദ്യുതി കരാറിന്റെ ഗുണഭോക്താവ് എൽഡിഎഫ് സർക്കാറായിരുന്നു എന്നും അക്കാലത്ത് ക്രമക്കേട് നടന്നു എങ്കിൽ അതിന് ഉത്തരവാദി എം എം മണി ആണെന്നും ആര്യാടൻ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന മുന്‍ മന്ത്രി എം എം മണിയുടെ പ്രസ്താവനക്കെതിരെയാണ് മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത് വന്നത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങിയിരുന്നില്ല. എം.എം. മണി മന്ത്രിയായ ശേഷമാണ് അന്നുണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങിയത്.

കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് അന്ന് കരാറിൽ ഏർപ്പെട്ടത്. 2012-13ല്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ വരുമാനത്തിന്റെ 102 ശതമാനം ചെലവിട്ടാണ് പുറമെ നിന്നും വൈദ്യുതി വാങ്ങിയിരുന്നത്. ഇതില്‍ തന്നെ എന്‍.ടി.പി.സിയുടെ കായംകുളം പ്ലാന്റില്‍ നിന്നും റിലയന്‍സിന്റെ എറണാകുളത്തെ BSES കമ്പനിയില്‍ നിന്നും ഗോയങ്കയുടെ കാസര്‍ഗോട്ടെ പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 9 രൂപ മുതല്‍ 11 രൂപവരെ ചെലവിട്ടിരുന്നു.

എന്നിട്ടും തികയാതെ വന്ന സമയത്താണ് ഈ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഈ സ്‌കീമില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ടെന്‍ഡര്‍ വിളിച്ചിരുന്നു. തമിഴ്‌നാട് 1000 മെഗാവാട്ടിനു വേണ്ടി ടെന്‍ഡര്‍ ചെയ്തു. വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ആദ്യം അപേക്ഷനല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യമെന്ന രീതിയില്‍ നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥപ്പെടുത്തിയിരുന്നത്.

ഇതുകാരണമാണ് 2016മുതല്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെന്‍ഡര്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചുതന്നെ പ്രസിദ്ധപ്പെടുത്തിയതും നടപടികള്‍ കൈക്കൊണ്ടതും. ഈ സന്ദര്‍ഭത്തില്‍ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ലഭിക്കുമായിരുന്നില്ല. നഷ്ടമായിരുന്നെങ്കില്‍ എം എം മണിക്ക് വൈദ്യുതി വാങ്ങിക്കേണ്ടെന്ന് തീരുമാനിക്കാമായിരുന്നു. അന്നത്തെ കരാര്‍ പ്രകാരമുള്ള വൈദ്യുതി ഇപ്പോഴും വാങ്ങുന്നുണ്ട്. രാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനാണ് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തത്. വിജിലന്‍സ് അന്വേഷണത്തിന് എന്തു സംഭവിച്ചുവെന്ന് എം.എം. മണിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച ചുരുങ്ങിയ നിരക്കിലാണ് കെ.എസ്.ഇ.ബി കരാര്‍വെച്ചത്. തൊട്ടടുത്തുള്ള തമിഴ്‌നാട് 4.88 രൂപക്കാണ് കരാര്‍ വെച്ചതെങ്കില്‍ ആവറേജ് 4.16 രൂപക്കാണ് കെ.എസ്.ഇ.ബി കരാര്‍ വെച്ചത്. 1998, 99, 2000 കാലഘട്ടത്തില്‍ എന്‍.ടി.പി.സിയോടും റിലയന്‍സിനോടും ഗോയങ്കയുടെ കാസര്‍ഗോട്ട് പ്ലാന്റിനോടും എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്‍വെച്ചു വൈദ്യുതി വാങ്ങിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിപോലും വരുന്നില്ല.

കരാര്‍ അനുസരിച്ച് വൈദ്യുതി വാങ്ങിയത് 2016 ഡിസംബറില്‍ 350 മെഗാവാട്ടും തുടര്‍ന്ന് 2017 നവംബറില്‍ ബാക്കി വൈദ്യുതിയും വാങ്ങിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കരാറുള്ളതുകൊണ്ടാണ് കഴിഞ്ഞ 6 വര്‍ഷമായി കേരളത്തില്‍ പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാതിരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1 യൂണിറ്റ് വൈദ്യുതി പോലും ഈ കരാര്‍ അനുസരിച്ച് വാങ്ങിയിട്ടില്ല എന്നതാണ് വസ്തുത.

നഷ്ടമാണെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഈ കരാര്‍ റദ്ദാക്കാമായിരുന്നു. അഴിമതി ഉണ്ടായിരുന്നെങ്കില്‍ അത് മുന്‍ മന്ത്രി എം.എം മണിക്കാണ് ബാധകമാവുക. കഴിഞ്ഞ 5 വര്‍ഷം മന്ത്രിയായിരുന്ന ശ്രീ. മണിക്ക് ഈ കരാര്‍ റദ്ദാക്കാനും എനിക്കെതിരെ നടപടിയെടുക്കാനും കഴിയുമായിരുന്നു. അതൊന്നും ചെയ്യാതെ കരാര്‍ നടപ്പാക്കി അഞ്ചു വര്‍ഷവും വൈദ്യുതി വാങ്ങിയ ശേഷം മന്ത്രിസ്ഥാനം പോയ ശേഷം അഴിമതിയുണ്ടെന്ന് പറയുന്നത് അല്‍പ്പത്തമാണ്.

ഇപ്പോഴത്തെ പ്രസ്താവനക്ക് പിന്നിൽരാഷ്ട്രീയ വൈരാഗ്യമാണ് എന്നും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചാല്‍ താന്‍ അതിന് മറുപടി പറയുമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. എൽഡിഎഫ് കൊണ്ടുവന്ന ഹൈഡൽ ടൂറിസം പദ്ധതി ലാഭകരമാക്കിയത് പിന്നീട് വന്ന യുഡിഎഫ് സർക്കാരാണ്.”ഹൈഡല്‍ ടൂറിസം പദ്ധതി 1999തിലാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 3.6 കോടി രൂപയായിരുന്നു വരുമാനം.

താന്‍ മന്ത്രിയായിരുന്ന കാലത്ത് അത് 13 കോടിയില്‍പരം രൂപയായി ഉയര്‍ത്തിയെന്നും ആര്യാടൻ പറഞ്ഞു. എം എം മണിയുടെ മകനെതിരെ ആരോപണം ഉയർന്നത് കൊണ്ടാണ് തന്റെ മകനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നും ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.