ഡിജിറ്റൽ ത്രാസുമായി ഹൈടക്ക് കഞ്ചാവ് വിൽപ്പന; ലക്ഷ്യം വിദ്യാർത്ഥികൾ; രണ്ട് പേർ അറസ്റ്റിൽ


വണ്ടൂർ: ഡിജിറ്റൽ ത്രാസ് കൊണ്ട് നടന്ന് കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് പിടിയിലായത്.

വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇരുവരും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇവരിൽ നിന്ന് 225 ഗ്രാം കഞ്ചാവും അത് തൂക്കി വിൽക്കാനുള്ള ഡിജിറ്റൽ ത്രാസും പോലീസ് പിടിച്ചെടുത്തു.

നേരത്തെ കഞ്ചാവ് ചെറിയ പൊതികളാക്കിയായിരുന്നു മാഫിയകൾ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. അതിൽ നിന്നും മാറ്റം വരുത്തി ഡിജിറ്റൽ ത്രാസ് കൊണ്ടു നടന്ന് ആവശ്യക്കാർക്ക് അപ്പപ്പോൾ തൂക്കി വിൽക്കുകയാണ് ഈ സംഘം ചെയ്തിരുന്നത്.

വിദ്യാർത്ഥികളുടെ കയ്യിലുള്ള പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നൽകാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പോലീസിന് നൽകിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.