മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
കിഴക്കമ്പലം: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മര്‍ദനേറ്റത്.
കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങല്‍പറമ്പ് വാര്‍ഡില്‍ ചായാട്ടുചാലില്‍ ദീപു ആലുവയിലെ രാജഗിരി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകള്‍ അണച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
മര്‍ദനത്തില്‍ പരിക്കേറ്റ ദീപു ഗുരുതരാവസ്ഥയിലായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു.. അതിനിടെ ശനിയാഴ്ച സന്ധ്യക്ക് തന്റെ മകന്‍ ദീപുവിനെ നാലംഗ സംഘം ജാതിപ്പേരുവിളിച്ച് വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.