കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ


ഹൈദരാബാദ്: തെലങ്കാനയിൽ കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാന നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ വെങ്കട്ട് ബൽമൂറിനെയാണ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ പിറന്നാൾ ദിനത്തിൽ കഴുതയെ മുന്നിൽ നിർത്തി കേക്ക് മുറിച്ച് ആഘോഷിക്കാൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. തുടർന്ന് ഫെബ്രുവരി 17നാണ് വ്യത്യസ്തമായ കേക്ക് മുറിക്കൽ ആഘോഷം നടത്തി. എന്നാൽ രാത്രിയായതോടെ വെങ്കട്ട് ബൽമൂർ അറസ്റ്റിലായി. ടിആർഎസ് നേതാക്കളുടെ പരാതിയിന്മേലായിരുന്നു അറസ്റ്റ്.

തെലങ്കാനയിലെ ശതവാഹന സർവകലാശാലയ്‌ക്ക് സമീപം കഴുതയുടെ മുഖത്ത് കെസിആറിന്റെ ചിത്രം പതിപ്പിച്ചാണ് എൻഎസ്യുഐ പ്രസിഡന്റായ വെങ്കട്ട് ബൽമൂർ തെലങ്കാന മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ പേരിലാണ് ടിആർഎസ് നേതാക്കൾ ബൽമൂറിനെതിരെ പരാതി നൽകിയത്.

കർഷകരുടെയും വിദ്യാർത്ഥികളുടെയും തൊഴിൽ രഹിതരായ യുവാക്കളുടെയും ജീവിതം തകർത്തതിനും പൊള്ളയായ വാഗ്ദാനങ്ങളും വ്യാജ പ്രചരണങ്ങളും നടത്തിയതിനുമാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് വെങ്കട്ട് ബൽമൂർ പ്രതികരിച്ചിരുന്നു. കഴുതയുടെ മുഖത്ത് കെസിആറിന്റെ ചിത്രം പതിപ്പിച്ച ഫോട്ടോയും ഇയാൾ ട്വിറ്ററിൽ പങ്കുവെച്ചു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.