പകൽ വൈദ്യുതി നിരക്ക് കുറയ്ക്കും; രാത്രി പീക് സമയത്ത് കൂടിയ നിരക്കും പരിഗണനയിൽ; മന്ത്രി കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് വൈദ്യുതി ചാർജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാർജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികൾക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം സ്മാർട്ട് മീറ്റർ അടുത്തു തന്നെ വരും. അപ്പോൾ പകൽ സമയത്തെ നിരക്ക് കുറയ്ക്കാനാകും. അതേസമയം പീക് അവറിൽ ലേശം കൂട്ടാനും കഴിയും. പകൽസമയത്ത് നിരക്ക് കുറച്ചാലല്ലേ നാട്ടിൽ വ്യവസായം വരുകയുള്ളൂവെന്നും മന്ത്രി ചോദിച്ചു.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിർത്തണം, അതിന് ഒരു ഉടക്ക് താൻ പറയണം എന്നാണ് നിങ്ങൾ ലക്ഷ്യമിടുന്നത്. അതിരപ്പിള്ളിയെ വിട്, ബാക്കിയുള്ളത് നമുക്ക് തുടങ്ങാമെന്നും മന്ത്രി പറഞ്ഞു. കരിയാർകുറ്റി പദ്ധതി വന്നാൽ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ഇബിയിലെ പ്രശ്നത്തിൽ, ചെയർമാനും ബോർഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കാവുന്നതാണ്. ഇപ്പോൾ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചെയർമാന് മന്ത്രിയുടെ പിന്തുണ ഉണ്ടെന്നാണോ കണക്കാക്കേണ്ടതെന്ന് ചോദ്യത്തിന്, ചെയർമാനെ സർക്കാരാണ് നിശ്ചയിക്കുന്നത്. മന്ത്രിക്ക് ഇതിൽ എന്ത് പിന്തുണയാണുള്ളതെന്ന് കൃഷ്ണൻകുട്ടി ചോദിച്ചു. കാബിനറ്റാണ് തീരുമാനിക്കുന്നത്. കെഎസ്ഇബിയിലെ പ്രശ്നങ്ങളിൽ ചെയർമാന്റെയും ജീവനക്കാരുടേയും ആക്ഷേപങ്ങൾ പരിശോധിക്കാൻ ഊർജ സെക്രട്ടറിയോട് നിർദ്ദേശിച്ചിരിക്കുകയാണെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.