ഭൂമി തരം മാറ്റി കിട്ടാതെ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്ന് എറണാകുളം പറവൂരിൽ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ച സജീവന്റെ അപേക്ഷയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.

ജൂനിയർ സൂപ്രണ്ട് ഡെൽമ സി.ജെ, സീനിയർ ക്ലർക്ക് അഭിലാഷ് ഒ.ബി, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്ലം, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് നിഷ പി.സി, എൽഡി ടൈപ്പിസ്റ്റ് ഷമീം പി.കെ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തത്. സജീവന്റെ ആത്മഹത്യ വിവാദമായതിന് പിന്നാലെ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് ഫോർട്ട് കൊച്ചി ആർഡി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ജീവനക്കാരുടെ ഭാഗത്തു നിന്നും ഗൗരവകരമായ വീഴ്ച വന്നതായി ലാന്റ് റവന്യു ജോയിന്റ് കമീഷണർ നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സജീവന്റെ അപേക്ഷ ആർഡി ഓഫീസിലെ തപാൽ സെക്ഷനിൽ നിന്ന് സ്‌കാൻ ചെയ്ത് നൽകുന്നതിൽ 81 ദിവസത്തെ കാലതാമസം നേരിട്ടു. ഇതാണ് അന്വേഷണത്തിൽ കണ്ടെത്തിയ ഒരു വീഴ്ച. പിന്നീട് സ്‌കാൻ ചെയ്ത് നൽകിയെങ്കിലും, സെക്ഷൻ ക്ലർക്ക് ഈ അപേക്ഷ 78 ദിവസം പൂഴ്‌ത്തിവെച്ചു. അതുകഴിഞ്ഞ് അപേക്ഷയിൽ സ്വീകരിച്ച നടപടികൾ സജീവനെ നോട്ടീസ് മുഖേന അറിയിച്ചില്ല. ഇവയെല്ലാമാണ് അന്വേഷണ സംഘം കണ്ടെത്തിയ വീഴ്ചകൾ. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജിനായിരുന്നു അന്വേഷണ ചുമതല.