എടപ്പാളിൽ കഞ്ചാവുമായി യുവാക്കള്‍ എക്‌സ്സൈസിന്റെ പിടിയില്‍

പൊന്നാനി; 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എടപ്പാളില്‍വച്ച് എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരൂര്‍ പറവണ്ണ ചെരിയാച്ചന്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (28), തിരൂര്‍ പറവണ്ണ സ്വദേശി താമരശ്ശേരി വീട്ടില്‍ നവാസ് (25), തിരുവനന്തപുരം വര്‍ക്കല സ്വദേശി അമ്പാടി വീട്ടില്‍ ജയേഷ് (20) എന്നിവരെയാണ് എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പൊന്നാനി എക്‌സ്സൈസ് റൈഞ്ച് പാര്‍ട്ടിയും സംയുക്തമായായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

അന്ധ്രാപ്രദേശില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് പൊന്നാനി, തിരുര്‍ മേഖലകളില്‍ വില്‍പന നടത്തിവരുന്നതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച്ചയായി പ്രതികള്‍ എക്‌സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തിച്ച് അവിടെനിന്നും ബസ് മാര്‍ഗം തിരൂര്‍, പൊന്നാനി മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.

എടപ്പാളില്‍ വച്ച് പാലക്കാട്- പൊന്നാനി എസ്‌കെആര്‍ടിസി ബസ് പരിശോധിച്ചാണ് പ്രതികളെ കസ്റ്റടിയിലെടുത്തത്. കയ്യില്‍ കരുതിയിരുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കമ്മീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി: എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ് )മാരായ കെ ഷിബു ശങ്കര്‍, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ് പൊന്നാനി റൈഞ്ച് ഇന്‍സ്‌പെക്ടര്‍ സാദിഖ് എ, പ്രിവെന്റിവ് ഓഫിസര്‍ മുരുകന്‍, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ എ ആര്‍ രഞ്ജിത്ത്, റിനില്‍ രാജ് വനിത സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ രജിത ടി കെ, ദിവ്യ എ എന്നിവരടങ്ങിയ ടീം ആണ് കഞ്ചാവ് കണ്ടെടുത്തത്.

സമാന രീതിയില്‍ ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പെരിന്തല്‍മണ്ണ എടപ്പറ്റ ഓലപ്പാറ സ്വദേശി ഹുസ്സൈന്‍ (31) എന്നയാളെ 9 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു