യുദ്ധക്കളമായി യുക്രെയിൻ, വിദ്യാർത്ഥികളടക്കം നിരവധി മലയാളികൾ കുടുങ്ങി; വ്യോമപാത അടച്ചതോടെ രക്ഷാദൗത്യത്തിന് എത്തിയ എയർ ഇന്ത്യ മടങ്ങി

ന്യൂഡൽഹി: വിദ്യാർത്ഥികളടക്കം നിരവധി മലയാളികൾ യുക്രെയിനിൽ കുടുങ്ങി. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തിൽ നോർക്കയിൽ കൃത്യമായ കണക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഒഡേഷ സർവകലാശാലയിൽ 200 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.

യുക്രെയിനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി. വിമാനത്താവളങ്ങൾ അടച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടി മുടങ്ങിയത്. ഇതോടെ ഇന്ത്യ അയച്ച എയർ ഇന്ത്യ ഡൽഹിയിലേക്ക് മടങ്ങി. യുക്രെയിനിൽ യുദ്ധമുണ്ടായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

റഷ്യ- യുക്രെയിൻ സംഘർഷം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണം. ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ മേഖലയുടെ സമാധാനം തകരുമെന്ന് ഇന്ത്യ പ്രതികരിച്ചു. അതേസമയം കടൽ മാർഗവും കര മാർഗവും റഷ്യയുടെ ആക്രമണം തുടരുകയാണ്.