ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കാൻ എംപിമാർ സമ്മർദ്ദം ചെല്ലുത്തണം: സിപിഐ എം
മലപ്പുറം: കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെ മലബാറിൽ നിന്നുള്ള എംപിമാർ കേന്ദ്ര സർക്കാരിലും എയർപോർട്ട് അതോറിറ്റിയിലും ശക്തമായ സമ്മർദ്ദം ചെലത്തി എംബാർക്കേഷൻ പുനഃസ്ഥാപിക്കണം. ഈ വിഷയത്തിൽ യോജിച്ച പ്രക്ഷോഭം ഉയർത്തണം.
ഇത്തവണ ഹജ്ജിന് സംസ്ഥാനത്തുനിന്ന് 12,686 പേരാണ് ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കേരളത്തിൽനിന്നാണ്. ഇതിൽ ഭൂരിഭാഗവും മലബാറിൽ നിന്നാണ്. ഇവർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയുടെ ഭാഗമാണ് ഹജ്ജ് എംബാർക്കേഷൻ അനുവദിക്കാത്തതിനു പിന്നിൽ. ഇതിനെതിരെ പാർലമെന്റിൽ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു.