മലപ്പുറത്ത് ഹോട്ടൽ ഉടമയെ ആക്രമിച്ച് കട തല്ലിത്തകർത്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: മേൽമുറി കൊളായിലെ ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി ഹോട്ടൽ തല്ലിത്തകർക്കുകയും ഹോട്ടലുടമയായ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖിനെ ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ അഞ്ചുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുമ്പുഴി സ്വദേശികളായ മുഹമ്മദ് ഷിബിൻ (24), രജിൻ കൃഷ്ണൻ (27), നിഥിൻ (27), മലപ്പുറം കുന്നുമ്മൽ സ്വദേശികളായ വിവേക് (25), വിജയ് (24) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. മുൻ വിരോധംവെച്ച് മാരാകായുധങ്ങളുമായെത്തി പ്രതികൾ ഹോട്ടലുടമയെ മർദിച്ച് ഹോട്ടൽ തല്ലിത്തകർത്തെന്നായിരുന്നു പരാതി.

പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ എസ്.ഐമാരായ വി. അമീറലി, എം.കെ. ഇന്ദിര മണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിൻസ് ആന്റണി, പി. ശിഹാബ്, ഹാരിസ് ആലുംതറയിൽ, സി.പി.ഒ ഷഹേക്ക് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
