വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ
വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന കരണമന്റെ പുരക്കൽ ഇസ്മായിലിനെ (25) ആണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടർ കത്തിച്ചതിനു ശേഷം ഒളിവിൽ പോയ ഇയാൾ വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ട ഇയാൾ കടലുണ്ടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി.
തുടർന്ന് ഏറെ നേരം ചിലവഴിച്ച് നാട്ടുകാരുടെ സഹായത്തോടെ അനുനയിപ്പിച്ചാണ് പോലീസ് കരക്കെത്തിച്ച് അറസ്റ്റ് ചെയ്തത്. അത്താണിക്കലുള്ള പെട്രോൾപമ്പിൽ നിന്നും കുപ്പിയിൽ വാങ്ങിയ പെട്രോൾ ആണ് സ്കൂട്ടർ കത്തിക്കുവാനായി പ്രതി ഉപയോഗിച്ചത്. പമ്പിൽ നിന്നും ഇയാൾ പെട്രോൾ വാങ്ങുന്നത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു.
മയക്കുമരുന്നിന് അടിമയായ ഇയാൾ നേരത്തെയും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ജയദേവൻ, പോലീസുകാരായ ഫൈസൽ, സഹദേവൻ, ജിഷോർ, ബിജേഷ്, ജിനേഷ്, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.