കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 Kg സ്വർണ്ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണകടത്തു സംഘം പിടിയിലായി. മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26)കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ അബ്ദുറഹിമാൻ (40) എന്നിവരേയാണ് ഇന്ന് പുലർച്ചെ എയർപോർട്ട് പരിസരത്തു നിന്നും പിടികൂടിയത്. ഒരാൾ രക്ഷപ്പെട്ടു.


ഇവർ വന്ന വാഹനവും പിടികൂടിയിട്ടുണ്ട്. മസ്കറ്റിൽ നിന്നും വന്ന യാത്രക്കാരനായ രമേഷ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടർന്ന് കോഴിക്കോട് സ്വദേശികൾ ഇയാളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കോഴിക്കോട് സ്വദേശിയെ ചോദ്യം ചെയ്തതിൽ മുൻപും പലതവണ സ്വർണ്ണം കടത്തിയതായി പറയുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന ആളുകളെ സ്വാധീനിച്ച് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വർണ്ണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവർത്തിക്കുന്നുണ്ട്.


പിടികൂടിയ പ്രതികളേയും സ്വർണ്ണവും കൂടുതൽ അന്വോഷണത്തിനായി കസ്റ്റംസിനു കൈമാറും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പക്ടർ അലവി, കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജിവ്, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവർക്ക് പുറമെ Asi പത്മരാജൻ, ഹരിലാൽ സന്ദീപ്, അബ്ദുൾ റഹിം, മുരളികൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയസംഘത്തിൽ ഉണ്ടായിരുന്നത്.

