സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍
മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങള്‍ ചുമതലയേല്‍ക്കുന്നത്. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2009 മുതല്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയും മകനായി 1964ല്‍ ജനിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ സുപ്രധാന ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡണ്ട്, കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങി വിവിധ പദവികള്‍ വഹിക്കുന്നുണ്ട്.