സ്വർണവില കുതിച്ചുയരുന്നു; 40,000വും കടന്നു
കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർത്തിലേക്കു തിരിഞ്ഞതായി വിദഗ്ധർ പറയുന്നു. ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാർച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. കോവിഡ് മഹാമാരിക്കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്.
കോവിഡ് ഭീഷണി ഒഴിഞ്ഞുപോകാത്തതിനാൽ നിക്ഷേപകർ കയ്യിലുള്ള സ്വർണം പൂർണമായി വിൽക്കാൻ തയാറാകുന്നില്ല. കോവിഡിനൊപ്പം ആഗോളതലത്തിൽ നാണ്യപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നത് സ്വർണവില ഇനിയും ഉയരാൻ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയിൽ ആഘാതമുണ്ടാക്കുന്നത്.