മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: പെരുമ്പടപ്പ് പുത്തൻപള്ളിയിൽ 7 വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നാണ് പെരുമ്പടപ്പ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതി ബീഹാറിലെ ആദ്യ ഭാര്യയുടെ മരണ ശേഷം അതിലെ ഇരട്ട പെൺകുട്ടികളുമായി കേരളത്തിൽ എത്തി മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്ത് പെരുമ്പടപ്പ് പുത്തൻപള്ളി പ്രദേശത്ത് ആയിരുന്നു കഴിഞ്ഞിരുന്നത്. ബിഹാറുകാരിയായ ആദ്യ ഭാര്യയിൽ ഉണ്ടായ ഇരട്ട പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഗർഭിണിയായ കുട്ടിയെ രഹസ്യമായി പാലക്കാട് നാട്ടു വൈദ്യരുടെ അടുത്ത് കൊണ്ട് പോയി ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ പെൺകുട്ടിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്നാൽ അന്ന് പെൺകുട്ടി നൽകിയ മൊഴി മറ്റൊന്നായിരുന്നു. ബംഗാളികൾ ആയ മൂന്ന് പേർ ചേർന്ന് പലപ്പെട്ടിയിൽ നിന്നും മാരുതി വാനിൽ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന് ആയിരുന്നു പെൺകുട്ടിയുടെ മൊഴി. ഇത് വിശ്വാസ യോഗ്യമല്ല എന്ന് ബോധ്യപ്പെട്ട പോലീസ് വീണ്ടും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ ബീഹാറിലെ പിതാവിന്റെ മൂത്ത സഹോദരനുമായി താൻ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞു.
ഇയാൾ കേരളത്തിൽ ജോലി തേടി വന്ന സമയത്ത് പെരുമ്പടപ്പ് പുത്തൻപള്ളിയിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നു എന്നും ആ ദിവസങ്ങളിൽ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നും പെൺകുട്ടി മൊഴി തിരുത്തി പറഞ്ഞു. ഇതോടെ പോലീസിന്റെ അന്വേഷണം പിതൃ സഹോദര പുത്രൻ ആയ ബിഹാറുകാരനെ കേന്ദ്രീകരിച്ചായി.

എന്നാൽ അന്വേഷണത്തിൽ ഇതും വിശ്വാസയോഗ്യമല്ലെന്ന് മനസിലായി. ഈ സമയത്താണ് പെൺകുട്ടിയുടെ പിതാവ് ബിഹാറിലേക്ക് പോയത്. പിന്നീട് ഇയാള് തിരിച്ച് വരികയും ഉണ്ടായില്ല. 2021 ലാണ് കേസിൽ വഴിത്തിരിവുണ്ടായത്.
പെരുമ്പടപ്പ് ഇൻസ്പെക്ടർ ആയിരുന്ന കേഴ്സൺ മർകോസിൻറ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് കേസിന്റെ അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയുടെ രണ്ടാനമ്മ നൽകിയ വിവരങ്ങളാണ് നിർണായകമായത്. കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണെന്ന സൂചന കിട്ടിയ പോലീസ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്നാണ് പിതാവാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത് എന്ന വിവരം കുട്ടി സമ്മതിച്ചത്. ഇക്കാര്യം പുറത്ത് അറിയിച്ചാൽ തന്നെയും സഹോദരങ്ങളെയും, രണ്ടാനമ്മയെയും കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തി എന്നും കുട്ടി സമ്മതിച്ചു. പീഡനം എതിർക്കാതിരിക്കാൻ പെൺകുട്ടിയുടെ തുടയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.
അതിൽ അമർത്തി മുറിവ് ഉണങ്ങാൻ അനുവദിക്കതെയായിരുന്നു പീഡനം. ഇങ്ങനെ വേദനിപ്പിച്ചും ഭയപ്പെടുത്തിയും ആയിരുന്നു ഇയാൾ ദിവസവും കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇക്കാര്യങ്ങൾ എല്ലാം കുട്ടി പോലീസിനോട് തുറന്നു പറഞ്ഞു. തുടർന്ന് പോലീസിന്റെ അന്വേഷണം നാട് വിട്ട പ്രതിയെ കേന്ദ്രീകരിച്ചായി.
പ്രതി കേരളത്തിൽ നിന്നും പോയതിനു ശേഷം പോലീസ് പിടിയിലാകാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നതായിരുന്നു പോലീസ് നേരിട്ട പ്രധാന വെല്ലുവിളി. ഇയാളെ തേടി രണ്ട് തവണ പെരുമ്പടപ്പ് പോലീസ് സംഘം ബീഹാറിലെ ഗ്രാമത്തിൽ പോയിരുന്നു. എന്നാൽ ഇയാൾ വർഷങ്ങളായി നാട്ടിൽ വരാറില്ല എന്നും നേപ്പാളിൽ ആണ് എന്നും മറ്റുമുള്ള വിവരങ്ങളാണ് ബന്ധുക്കളും അയൽവാസികളും നൽകിയത്.
തുടർന്ന് പെരുമ്പടപ്പ് ഇൻസ്പെക്ടർ പി എം വിമോദിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. സംഘം ബന്ധുക്കളെ കുറിച്ചും ഇവരുടെ ജോലി സ്ഥലങ്ങളെ കുറിച്ചും വിശദമായി അന്വേഷിച്ചതിൽ നിന്നും സഹോദരിയുടെ മക്കൾ ഗുജറാത്തിലെ അഹമ്മദാബാദിലും ചെന്നൈയിലെ തൊണ്ടയാർപെട്ട് എന്ന സ്ഥലത്തും ഉണ്ടെന്ന് അറിഞ്ഞു. തൊണ്ടയാർപേട്ടിൽ നിന്നും ഇയാളുടെ സഹോദരിയുടെ മകനെ കണ്ടെത്തി.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ അഹമ്മദാബാദിൽ ഒരുമിച്ച് താമസിച്ചിരുവെന്നും ലോക് ഡൗണിൽ നാട്ടിലേക്ക് പോയതിന് ശേഷം അറിവ് ഇല്ലെന്നും ബീഹാറിൽ നേപ്പാളിന് അടുത്തുള്ള പ്രദേശമായ സീതാമർഹി ജില്ലയിൽ നിന്നും പ്രതി മൂന്നാമതും വിവാഹം ചെയ്തു എന്നും മനസിലായി.
മൂന്നാം ഭാര്യയുടെ സഹോദരന്റെ ജോലി സ്ഥലമായ രാജസ്ഥാനിലെ ഭീവാടി ആൽവാർ വ്യവസായ മേഖലയിൽ ഇയാൾ ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നിരവധി നാളുകളായി വിവിധ സംസ്ഥാനങ്ങളിൽ പോയി നടത്തിയ അന്വേഷണത്തിന് ഒടുവിൽ കിട്ടിയ സൂചനകൾ സമർത്ഥമായി കോർത്തിണക്കിയാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്.
രാജസ്ഥാൻ അതിർത്തിയായ ഭിവാടി എന്ന സ്ഥലത്ത് കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റീൽ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു പ്രതി. വ്യവസായ നഗരമായ അൽവാർ, ഭീവാടി പ്രദേശത്തെ നൂറു കണക്കിന് വരുന്ന വ്യവസായ ശാലകൾ ഉൾകൊള്ളുന്ന ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്നും രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിർദേശ പ്രകാരം തിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ പി എം വിമോദ്, എ എസ് ഐ പ്രീത സിപി ഒ മാരായ രഞ്ജിത്ത് , നാസർ, വിഷ്ണു നാരായണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.