‘ഇ-ക്യൂബ് ഇംഗ്ലീഷ്’ ; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകള്‍ വരുന്നു, ഉദ്ഘാടനം ഇന്ന്
വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്നു. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പൂജപ്പുര ജി.യു.പി എസ്-ല്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും.
നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍ അധിഷ്ഠിതമായഇ-ലാംഗ്വേജ് ലാബ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ സോഫ്റ്റ്‍വെയര്‍ സജ്ജമാക്കിയത്.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം.വിദ്യാര്‍ത്ഥികള്‍ക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടര്‍ ഗെയിം പോലെ മിക്ക പ്രവര്‍ത്തനങ്ങളും കളികളിലൂടെ പൂര്‍ത്തിയാക്കാനും സോഫ്റ്റ്‍വെയറില്‍ സൗകര്യമുണ്ട്.
സ്റ്റുഡന്റ് മൊഡ്യൂളിനു പുറമെ ഓരോവിദ്യാര്‍ത്ഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നല്‍കാനും അദ്ധ്യാപകരെ സഹായിക്കുന്ന ടീച്ചിംഗ് മൊഡ്യൂളും പ്രഥമാധ്യാപകര്‍ക്ക് മോണിറ്ററിംഗിനുള്ള പ്രത്യേക മൊഡ്യൂളും ഇ-ലാംഗ്വേജ് ലാബിലുണ്ട്.ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി നേരത്തെ സമഗ്ര പോര്‍ട്ടലില്‍ ഇ-ലൈബ്രറിയും കൈറ്റ് വിക്ടേഴ്സില്‍ ഇ-ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടര്‍ച്ചയാണ് ഇ-ലാംഗ്വേജ് ലാബ്.
ഇന്റര്‍നെറ്റ് സൗകര്യമോ, സെര്‍വര്‍ സ്പേസോ, പ്രത്യേകനെറ്റ്‍വര്‍ക്കിംഗോ ആവശ്യമില്ലാതെ സ്കൂളുകളില്‍ ലഭ്യമായിട്ടുള്ള ലാപ്‍ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ് സംവിധാനം സ്കൂളുകളിലെ 1.2 ലക്ഷം ലാപ്‍ടോപ്പുകളിലും ഒരുക്കാനാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കഥകള്‍ കേള്‍ക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകള്‍ എന്നിവ കാണുന്നതിനുംസോഫ്റ്റ്‍വെയറില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകള്‍ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും ഇ-ലാംഗ്വേജ് ലാബില്‍ സൗകര്യമുണ്ട്.