എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഴിഞ്ഞ വർഷത്തെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് 40% പാഠഭാഗങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങളായി (ഫോക്കസ് ഏരിയ) തീരുമാനിച്ചത്. പ്രസ്തുത പാഠഭാഗം മാത്രം പഠിക്കുന്ന കുട്ടികൾക്ക് മുഴുവൻ സ്കോറും നേടാൻ സാധിക്കുന്ന തരത്തിൽ പരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജൂൺ മാസത്തിൽ തന്നെ ഡിജിറ്റൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുകയും നവംബർ മാസത്തിൽ തന്നെ നേരിട്ടുള്ള ക്ലാസുകൾ നൽകുവാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പ്രവൃത്തി ദിവസങ്ങൾ കിട്ടുകയും മുഴുവൻ പാഠഭാഗങ്ങളും ഒരു പരിധിവരെ ഫലപ്രദമായി വിനിമയം ചെയ്യുവാനും കഴിഞ്ഞു എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ശരാശരി നിലവാരം പുലർത്തുന്ന കുട്ടിയ്ക്കും പിന്നാക്കം നിൽക്കുന്ന കുട്ടിയ്ക്കും പഠനത്തിൽ ഏറെ മികവ് പുലർത്തുന്ന കുട്ടിയ്ക്കും ഒരേ പോലെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും തന്റെ മികവിനനുസൃതമായ സ്കോർ ലഭിക്കുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരം. 70% ഫോക്കസ് ഏരിയയിൽ നിന്നും 30% നോൺ ഫോക്കസ് ഏരിയയിൽ നിന്നും എഴുതുന്നവിധം ചോദ്യപേപ്പർ തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതു കൂടാതെ ആകെ മാർക്കിന്റെ 50% അധിക മാർക്കിനുള്ള ചോയ്സ് ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് പോകുമ്പോൾ നിലവിൽ പഠിക്കുന്ന കോഴ്സുകളിൽ പഠന വിടവുണ്ടായാൽ അത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാലാണ് വിദ്യാർത്ഥിയുടെ നിലവാരത്തിനനുസരിച്ച് സ്കോർ ചെയ്യാൻ കഴിയുന്ന തരത്തിൽ ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുള്ളത്. എങ്കിലും അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകൾക്കും മത്സരാധിഷ്ഠിതമായി പ്രവേശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നമ്മുടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നതിന് മുഴുവൻ പാഠഭാഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതിനാലാണ് ഫോക്കസ് ഏരിയയ്ക്ക് പുറമേയുള്ള ഭാഗങ്ങൾ കൂടി പഠിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.