ഭരണഘടനയെ അവലംബിക്കാത്ത കോടതി വിധികള്‍ രാജ്യ താല്‍പ്പര്യത്തിന് എതിര്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
മലപ്പുറം: ഭരണഘടനയെ അവലംബിക്കാത്ത കോടതിവിധികള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ മൂല്യങ്ങള്‍ പൗരന്മാര്‍ക്ക് സംരക്ഷിച്ചു നല്‍കുകയാണ് കോടതിയുടെ ഉത്തരവാദിത്വം. ഹിജാബ്ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണോ എന്നു പറയേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരാണ്.

അതിന്റെ ഭരണഘടനാ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കോടതി പറയേണ്ടത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കോടതി വിധികള്‍ വരുന്നുവെന്നത് വളരെ അപകടകരമാണ്. വ്യത്യസ്ഥ മതസമൂഹങ്ങളും മതമില്ലാത്തവരും മഹത്തായ ഭരണഘടനയെന്ന ബലിഷ്ഠമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഐക്യത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞുപോരുന്നത്. അവരവരുടെ വിശ്വാസവും അനുഷ്ടാനങ്ങളും സംരക്ഷിക്കാന്‍ അവസരം നല്‍കുന്നുവെന്നതാണ് ഭരണഘടനയുടെ മഹത്വം. അതിനെ ഹനിക്കുന്ന ഒരു നീതിന്യായ സംവിധാനം രാഷ്ട്ര താല്‍പ്പര്യങ്ങളെയാണ് ഹനിക്കുന്നത്. പൊതുതാല്‍പ്പര്യങ്ങളെ ബാധിക്കാത്ത ഏതു വിശ്വാസവും അനുഷ്ടാനവും ആചാരവും കാത്തുസൂക്ഷിക്കാനും സ്വാതന്ത്ര്യം വിനിയോഗിക്കാനും രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്. അത് പൗരന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ഇത് ഭരണഘടന അനുശാസിക്കുന്നതാണ്. അതാണ് കോടതി പരിശോധിക്കേണ്ടിയിരുന്നത്. നീതിപൂര്‍വം വിധി കല്‍പ്പിക്കുന്ന കോടതികള്‍ അത്തരമൊരു മാര്‍ഗം അവലംബിച്ച പാരമ്പര്യമാണുള്ളത്. വ്യക്തിപരമായ താല്‍പ്പര്യങ്ങളും അസഹിഷ്ണുതയും വിധിന്യായത്തില്‍ കടന്നു കൂടുന്നത് അംഗീകരിക്കാനാവില്ല. നീതിനിഷേധിക്കപ്പെടുന്ന അരക്ഷിത സമൂഹത്തെയല്ല സൃഷ്ടിക്കേണ്ടത്. അവകാശങ്ങള്‍ പരിരക്ഷിച്ച് നല്‍കപ്പെടുന്ന ഒരു സുരക്ഷിത സമൂഹത്തെയാണ്. അത് കോടതികളുടെ ഉത്തരവാദിത്വമാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷറഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി സംബന്ധിച്ചു.