ലോ കോളേജിലെ സംഘര്‍ഷം; ഇന്ന് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്ത സംഭവമാണ് ലോ കോളേജില്‍ നടന്നതെന്നും കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് ഇതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാപ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ലോ കോളേജിൽ കെ എസ് യു വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. അതേസമയം കെഎസ് യു നേതാവ് സഫീന അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.