മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോയ യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു.
കാസര്‍കോട്/മലപ്പുറം: ഗോവയില്‍ ഐ.എസ്.എല്‍. ഫൈനല്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കായികപ്രേമികളെ നൊമ്പരത്തിലാഴ്ത്തി കാസര്‍കോട്ടെ വാഹനാപകടം. കാസര്‍കോട് ഉദുമയിലാണ് ഐ.എസ്.എല്‍. ഫൈനല്‍ മത്സരം കാണാന്‍ ബൈക്കില്‍ യാത്രതിരിച്ച രണ്ടുപേര്‍ ലോറിയിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
ഒതുക്കുങ്ങലില്‍നിന്ന് ഒരു ബൈക്കിലും കാറിലുമായാണ് ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ജംഷീറും ഷിബിലുമായിരുന്നു ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. മറ്റുള്ളവര്‍ കാറിലും. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഉദുമയില്‍വെച്ച് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു.
പുലര്‍ച്ചെ മഴ പെയ്തതും ലോറിയുടെ വേഗതയും അപകടത്തിന് കാരണമായെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തില്‍പ്പെട്ടവരുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്ത ശേഷമാണ് പോലീസിന് അപകടവിവരം ബന്ധുക്കളെ അറിയിക്കാനായത്. ഇതോടെ കാറില്‍ പോയ സംഘവും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി.
ഐ.എസ്.എല്‍. ടീമായ ഹൈദരാബാദ് എഫ്.സി.യുടെ താരം മുഹമ്മദ് റബീഹിന്റെ ബന്ധുവാണ് മരിച്ച ഷിബില്‍. ഫൈനല്‍ മത്സരത്തിന് ഇവര്‍ക്കെല്ലാം ടിക്കറ്റ് എടുത്ത് നല്‍കിയതും റബീഹായിരുന്നു.
മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.